വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ നേരത്തെ സ്ഥലം മാറ്റൽ നടപടി നേരിട്ട അധ്യാപികയ്ക്ക് വീണ്ടും വകുപ്പിൻ്റെ ചുമതല നൽകിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശക്തമായ പ്രതിഷേധം ഉയർന്നുവന്നു.
മനശാസ്ത്ര വിഭാഗം ആക്ടിങ് ഹെഡ് ആയ ഡോ. അനിത കുമാരിക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് മുൻപ് സ്ഥലം മാറ്റിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി നേടി തിരിച്ചെത്തിയതിന് പിന്നാലെയാണ് വകുപ്പിൻ്റെ ചുമതല ഡോ. അനിത കുമാരിക്ക് തിരികെ ലഭിച്ചത്.
പൊതുവേദിയിലും രോഗികൾക്കും മുൻപിലും അപമാനിക്കുന്നു, മാനസികമായി പീഡിപ്പിക്കുന്നു എന്നീ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് 12 പിജി വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ മാസം ഡോ. അനിത കുമാരിയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു.
സമാനമായ ആരോപണം നേരിട്ട ഡോ.
സ്മിതയെ കൊല്ലം മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു. എന്നാൽ ഇരുവരും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് ഉത്തരവ് സമ്പാദിക്കുകയായിരുന്നു.
സൈക്യാട്രി വകുപ്പ് മേധാവിയും മറ്റൊരു സീനിയർ അധ്യാപകനും അവധിയിൽ പ്രവേശിച്ച സാഹചര്യം കണക്കിലെടുത്താണ് ഡോ. അനിത കുമാരിയെ ആക്ടിങ് എച്ച്ഒഡിയായി നിയമിച്ചത്.
കോളേജ് അധികൃതരുടെ ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് സൈക്യാട്രി വിഭാഗത്തിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി മുന്നോട്ട് വരികയായിരുന്നു. നൽകിയിരിക്കുന്നത് താൽക്കാലിക ചുമതല മാത്രമാണെന്നും വിദ്യാർത്ഥികളുടെ ആശങ്കകൾ ഡിഎംഇയെ ഔദ്യോഗികമായി അറിയിക്കുമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ ശക്തമായ റിലേ സമരത്തിലേക്ക് കടക്കുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

