ഹ്യുണ്ടായ് വാഹനം വാങ്ങാൻ പദ്ധതിയിടുന്ന ഉപഭോക്താക്കൾക്ക് സാമ്പത്തികമായി തിരിച്ചടിയാകുന്ന പ്രഖ്യാപനവുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ രംഗത്ത്. വരുന്ന 2026 സെപ്റ്റംബർ മുതൽ ഇന്ത്യയിലെ തങ്ങളുടെ മുഴുവൻ മോഡൽ നിരയുടെയും വില ഒരുശതമാനം വരെ വർധിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.
അസംസ്കൃത വസ്തുക്കളുടെയും ചരക്ക് ചെലവുകളുടെയും വർധനയാണ് വില കൂട്ടാനുള്ള പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളും കമ്പനിയുടെ ചെലവുകളിൽ സമ്മർദം സൃഷ്ടിക്കുന്നുണ്ട്.
അധിക ചെലവിന്റെ ആഘാതം പരമാവധി കുറയ്ക്കാൻ കമ്പനി ശ്രമിച്ചുവരികയാണെങ്കിലും ചെലവ് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ അതിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരികയാണെന്നാണ് ഹ്യുണ്ടായ് വ്യക്തമാക്കിയത്. മോഡലും വകഭേദവും അനുസരിച്ച് വിലയിൽ മാറ്റം വരും.
കമ്പനിയുടെ എൻട്രി ലെവൽ മോഡലായ ഗ്രാൻഡ് ഐ10 നിയോസ് മുതൽ പ്രീമിയം ഇലക്ട്രിക് എസ്യുവിയായ അയോണിക് 5 വരെയുള്ള എല്ലാ മോഡലുകൾക്കും പുതിയ വില വർധന ബാധകമായിരിക്കും. നിലവിൽ വിപണിയിൽ ഹ്യുണ്ടായ് കാറുകളുടെ വില ഏകദേശം 5.60 ലക്ഷം രൂപ മുതൽ 55.70 ലക്ഷം രൂപ വരെയാണ്.
എന്നാൽ സെപ്റ്റംബറിൽ എത്ര രൂപയുടെ വർധന ഉണ്ടാകുമെന്നത് ഓരോ മോഡലിനെയും വകഭേദത്തെയും ആശ്രയിച്ചായിരിക്കും തീരുമാനിക്കുക. ഈ വർഷം ഹ്യുണ്ടായ് കാറുകളുടെ വില വർധിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്.
ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കമ്പനി വാഹനങ്ങളുടെ വില ഏകദേശം 0.6 ശതമാനം വർധിപ്പിച്ചിരുന്നു. തുടർന്ന് ഏപ്രിലിൽ വീണ്ടും ഒരുശതമാനം വില വർധന പ്രഖ്യാപിക്കുകയുണ്ടായി.
ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വന്നു. അന്ന് മോഡലിനെയും വകഭേദത്തെയും ആശ്രയിച്ച് വാഹനങ്ങൾക്ക് 12,800 രൂപ വരെ വില വർധിച്ചിരുന്നു.
വില വർധനയ്ക്ക് പുറമെ കയറ്റുമതിയിലും കമ്പനിക്ക് ഈ വർഷം വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദമായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്പനിയുടെ കയറ്റുമതിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
പശ്ചിമേഷ്യയിലെ സംഘർഷവും കമ്പനിയുടെ വിതരണക്കാരിൽ ഒരാളായ മോബിസിന്റെ ഫാക്ടറിയിലുണ്ടായ തീപിടിത്തവും ഉൽപ്പാദനത്തെ താൽക്കാലികമായി ബാധിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം കയറ്റുമതിയിലും പ്രകടമായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഹ്യുണ്ടായ് 48,140 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. എന്നാൽ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കയറ്റുമതി 38,708 യൂണിറ്റായി കുറഞ്ഞു.
ഇത് ഏകദേശം 19.6% ഇടിവാണ് രേഖപ്പെടുത്തുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് സെപ്റ്റംബർ മുതൽ പുതിയ വില വർധന നടപ്പാക്കുന്നതെന്നാണ് ഹ്യുണ്ടായ് ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

