സംസ്ഥാനത്തിന്റെ സ്വന്തം വിമാനക്കമ്പനികളായ എയർ കേരള, അൽ ഹിന്ദ് എയർ എന്നിവയുടെ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വലിയ ആകാംക്ഷയാണ് വ്യോമയാന മേഖലയിലുള്ളത്. ഇതിനിടയിലാണ് പുതിയ സംരംഭമായ കോ-കേരളം പദ്ധതിയും ചർച്ചകളിലേക്ക് കടന്നുവരുന്നത്.
2024ൽ തന്നെ കേന്ദ്ര സർക്കാരിൽ നിന്ന് ഇരു കമ്പനികൾക്കും നിരാക്ഷേപ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചിരുന്നു. 2025 ജൂണോടെ പ്രവർത്തനം ആരംഭിക്കാമെന്നായിരുന്നു പ്രത്യാശ.
2025 മേയിൽ അന്താരാഷ്ട്ര വ്യോമയാന സംഘടനയായ അയാട്ടയിൽ നിന്ന് എയർ കേരളയ്ക്ക് എയർലൈൻ കോഡും ലഭിക്കുകയുണ്ടായി. ‘കേരള ഡ്രീം’ എന്നതിന്റെ ചുരുക്കമായ ‘കെഡി’ (KD) കോഡാണ് അനുവദിക്കപ്പെട്ടത്.
എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ഔദ്യോഗികമായി സർവീസുകൾ ആരംഭിക്കാൻ സാധിക്കൂ. ഇതിനായി സ്വന്തമായി ഒരു വിമാനമെങ്കിലും ഉണ്ടായിരിക്കണം.
വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവീസ് നടത്താനായിരുന്നു എയർ കേരളയും അൽ ഹിന്ദ് എയറും ലക്ഷ്യമിട്ടിരുന്നതെങ്കിലും, പാട്ടക്കമ്പനികളുടെ പുതിയ നിലപാടുകൾ പ്രതിസന്ധിയായി മാറി. വിമാനം പാട്ടത്തിന് നൽകണമെങ്കിൽ 12 മാസത്തെ വാടക മുൻകൂറായി നൽകണമെന്നോ അല്ലെങ്കിൽ 200 കോടി രൂപ ബാങ്ക് ബാലൻസ് കാണിക്കണമെന്നോ ആണ് കമ്പനികളുടെ ആവശ്യം.
കഴിഞ്ഞ വർഷം കൊച്ചിയിൽ ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിച്ച എയർ കേരള ജീവനക്കാരുടെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വലിയ തുകയാണ് ചെലവഴിക്കുന്നത്. സർവീസ് ആരംഭിച്ചാൽ മാത്രമേ വരുമാനം ലഭിക്കൂ എന്നതിനാൽ അനുമതി വൈകുന്നത് കനത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
ഇതിനുപുറമേ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വിമാന ഇന്ധന വിലയിലെ വർദ്ധനവും വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയായി. പ്രതിസന്ധികൾക്കിടയിലും 72 സീറ്റുകളുള്ള എടിആർ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
കോ-കേരളം പദ്ധതിയുടെ നീക്കങ്ങൾ എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ മുൻകൈയെടുത്ത് ആവിഷ്കരിക്കുന്ന ‘കോ-കേരളം’ വിമാനക്കമ്പനിയും പ്രാഥമിക ഘട്ട ചർച്ചകളിലാണ്.
സിയാൽ മാതൃകയിലായിരിക്കും ഈ സംരംഭം പ്രവർത്തിക്കുക. സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങൾ 2 കോടി രൂപവീതം നിക്ഷേപിച്ച് ഓഹരിയെടുത്തുകൊണ്ട് പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
400 കോടി രൂപ മുതൽമുടക്കിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങൾക്ക് പുറമെ കോയമ്പത്തൂർ, ബെംഗളൂരു, മംഗളൂരു, മധുര എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് രണ്ട് സർവീസുകൾ സ്ഥിരമായി നടത്തിക്കൊണ്ട് ആദ്യഘട്ടം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സഹകരണ സംഘങ്ങൾ പണം മുടക്കാൻ തയ്യാറാണെങ്കിലും, ഈ നിക്ഷേപങ്ങൾ ഓഹരികളാക്കി മാറ്റുന്നതിന് സർക്കാർ അനുമതി ആവശ്യമാണ്.
ഘട്ടംഘട്ടമായി വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് തീരുമാനം. കേരളത്തിന് ഏറ്റവും അനുയോജ്യം ചെറു വിമാന സർവീസുകളാണെന്നും, കമ്പനി സജ്ജമാകുന്നതോടെ നാനൂറിലധികം പേർക്ക് തൊഴിൽ നൽകാനാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത വർഷം ആദ്യത്തോടെ സർവീസ് ആരംഭിക്കാനാണ് ‘കോ-കേരളം’ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

