കാസ്പിയൻ കടലിൽ ഇറാൻ കപ്പലിനു നേരെ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ മറുപടിയില്ലാതെ പോകാനാവില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. യുക്രെയ്നിന്റെ നടപടിയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കുറ്റപ്പെടുത്തിയ ഇറാൻ വിദേശകാര്യമന്ത്രി, ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതോടെ യുഎസ്–ഇറാൻ സംഘർഷം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുകയാണെന്ന ആശങ്കയാണ് ഉയരുന്നത്. ഇതിനിടയിൽ, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി എണ്ണ ടാങ്കർ തകർന്നു.
ഇറാൻ നിശ്ചയിച്ചുനൽകിയ പാത വിട്ടു സഞ്ചരിച്ച കപ്പലാണു തകർന്നതെന്നാണ് ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾക്കെതിരെ വീണ്ടും ഹൂതി വിമതരെന്നു കരുതുന്നവരുടെ ആക്രമണമുണ്ടായി.
അതേസമയം, യുഎസ് വെടിനിർത്തൽ തുടരുന്നിടത്തോളം തങ്ങളും സമാധാനം പാലിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. 13 ദിവസം നീണ്ട
വ്യോമാക്രമണം നിർത്തിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. നയതന്ത്രശ്രമങ്ങൾക്കായാണ് വെടിനിർത്തലെന്നാണു യുഎസിന്റെ ഔദ്യോഗിക നിലപാട്.
എന്നാൽ മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, യുഎസ് നിലപാടിൽ ശുഭാപ്തിവിശ്വാസമില്ലെന്നാണ് ഇറാൻ അറിയിച്ചിട്ടുള്ളത്. യുഎസിന്റെ മിസൈൽ ശേഖരം അതിവേഗം കുറഞ്ഞുവരികയാണെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പാണ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നിലെന്നും സൂചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

