കർണാടകയിലെ മംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡോക്ടർമാർ ഉൾപ്പെടെയുള്ള ആവശ്യക്കാർക്ക് ആംബുലൻസ് ഉപയോഗിച്ചാണ് സംഘം മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത്. കേസിലെ പ്രധാന കണ്ണിയായ ആംബുലൻസ് ഡ്രൈവർ നിലവിൽ ഒളിവിലാണ്.
മംഗളൂരു, ദക്ഷിണ കന്നഡ ജില്ലകളിലെ ഡോക്ടർമാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് ലഹരിവസ്തുക്കൾ വിതരണം ചെയ്തിരുന്ന വൻ മാഫിയയാണ് ഇതിലൂടെ പിടിയിലായത്. ആംബുലൻസിന്റെ മറവിലായിരുന്നു ഈ സംഘത്തിന്റെ ലഹരിക്കച്ചവടം.
കഴിഞ്ഞ ജൂൺ 25 ന് മംഗളൂരുവിൽ നിന്ന് അന്നപ്പ സ്വാമി എന്ന മനുവിനെ എംഡിഎംഎയുമായി മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ബാഗൽകോട്ടിലെ ഒരു ലോഡ്ജിൽ പരിശോധന നടത്തുകയായിരുന്നു.
ഈ നീക്കത്തിലാണ് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊഹമ്മദ് അൽഫാസ്, മൊഹമ്മദ് മുസ്തഫ എന്നിവരടക്കം മൂന്നുപേരെക്കൂടി ഇവിടെ നിന്ന് പിടികൂടി.
എംഡിഎംഎയുടെ മൊത്ത വിതരണക്കാരാണ് ഇവരെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നിന്നാണ് ആംബുലൻസ് മറയാക്കി നടത്തിവന്ന മയക്കുമരുന്ന് വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.
ബെൽത്താങ്കടി സ്വദേശിയായ ജലീൽ ബാബ എന്നയാളാണ് ആംബുലൻസിൽ ലഹരി വസ്തുക്കൾ ഇടപാടുകാർക്ക് എത്തിച്ചു നൽകിയിരുന്നത്. എന്നാൽ ഒളിവിൽ പോയ ഇയാളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
നിലവിൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഈ ലഹരി ഇടപാടിന് പിന്നിൽ കൂടുതൽ വ്യക്തികൾക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്.
കൂടാതെ, ഇനിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയിട്ടുള്ളവരെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

