മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഫ്രാൻസിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നൽകിയ ഔദ്യോഗിക ക്ഷണപ്രകാരമാണ് ഈ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
ജൂൺ 28 മുതൽ 29 വരെ രണ്ട് ദിവസങ്ങളിലായാണ് സന്ദർശനം നടക്കുകയെന്ന് റോയൽ കോർട്ട് ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തന്ത്രപ്രധാനമായ ചർച്ചകൾ
ഒമാനും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊർജം എന്നീ മേഖലകളിൽ ഉഭയകക്ഷി പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടക്കും. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ, ആഗോള രാഷ്ട്രീയ-സുരക്ഷാ വിഷയങ്ങൾ, അന്താരാഷ്ട്ര തലത്തിലെ പുതിയ വെല്ലുവിളികൾ എന്നിവയിൽ ഇരു രാജ്യങ്ങളുടെയും നേതൃത്വം ആശയവിനിമയം നടത്തും.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ നയതന്ത്ര ഏകോപനം ശക്തമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ഉന്നതതല സംഘം സുൽത്താനൊപ്പം
സന്ദർശനത്തിനായി സുൽത്താനോടൊപ്പം ഉന്നതതല പ്രതിനിധിസംഘവുമുണ്ടാകും.
ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, റോയൽ കോർട്ട് ദിവാൻ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സയീദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജബ്രി, ഫ്രാൻസിലെ ഒമാൻ അംബാസഡർ അഹമ്മദ് ബിൻ മുഹമ്മദ് അൽ അറൈമി എന്നിവർ സംഘത്തിലുണ്ടാകും.
ഒമാനും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിന് പുതിയ മാനങ്ങൾ നൽകാൻ ഈ സന്ദർശനം സഹായകമാകുമെന്നാണ് നയതന്ത്രവൃത്തങ്ങൾ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

