മലയാള സിനിമാ ചരിത്രത്തിൽ വലിയ തരംഗം സൃഷ്ടിച്ച ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ബോക്സ് ഓഫീസിൽ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയെങ്കിലും, ചിത്രത്തിന്റെ തിരക്കഥയെയും ക്ലൈമാക്സ് രംഗങ്ങളെയും ചൊല്ലി സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നു വന്നത്.
പ്രത്യേകിച്ച്, കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രത്തിന്റെ ക്ലൈമാക്സിലെ പെരുമാറ്റരീതികൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം.
ചിത്രീകരണ സമയത്ത് തനിക്കും ക്ലൈമാക്സ് രംഗങ്ങളെക്കുറിച്ച് സംശയങ്ങൾ തോന്നിയിരുന്നുവെന്ന് കലാഭവൻ ഷാജോൺ വെളിപ്പെടുത്തുന്നു. ദി ഷോസ്കേപ്പ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ കഥാപാത്രമായ സഹദേവൻ അത്ര പെട്ടെന്ന് ജോർജുകുട്ടിക്ക് മുന്നിൽ തളർന്നുപോകുന്ന ഒരാളാണോ എന്ന സംശയം അണിയറപ്രവർത്തകരുമായി ചർച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ഷാജോണിന്റെ മറുപടി ഇങ്ങനെയായിരുന്നു: “സത്യം പറഞ്ഞാൽ നമുക്ക് അത് തോന്നിയിട്ടുണ്ട്. ഒരു നടൻ എന്ന നിലയിൽ ആ സമയത്ത് ഒരു ഫൈറ്റ് ഒക്കെ വേണമെന്നായിരുന്നു എന്റെ മനസിൽ.
അങ്ങനെ നിൽക്കുന്ന ഒരു കഥാപാത്രമല്ലേ സഹദേവൻ. അപ്പോൾ അത്ര പെട്ടെന്ന് അയാൾ തോൽക്കാൻ പാടില്ല എന്ന് എന്റെ മനസിൽ ഉണ്ടായിരുന്നു.
പക്ഷേ ജിത്തു ഭായിയുമായി (ജീത്തു ജോസഫ്) അത് ഞാൻ ചർച്ച ചെയ്തില്ല. കാരണം അദ്ദേഹം ഒരു സംഭവം എഴുതി വെച്ചിരിക്കുകയാണല്ലോ.
അതിന്റെ പിറകിൽ ഒരു കാരണമുണ്ടാവും.” പിന്നീട് വന്ന വിമർശനങ്ങളെക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് നൽകിയ വിശദീകരണത്തെക്കുറിച്ചും ഷാജോൺ ഓർമ്മിക്കുന്നു. “പിന്നീട് ഇത്രയും ട്രോളുകൾ വന്നതിന് ശേഷം ജിത്തു ഭായിയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു.
എന്താണ് എല്ലാവരും പറയുന്നത്, എന്താണ് അതിനുള്ള ഒരു റിയാക്ഷൻ എന്ന്. അപ്പോൾ എന്നോട് പറഞ്ഞു, ഷാജോണേ, എത്ര വലിയ ഒരു ക്രിമിനൽ ആണെന്നുണ്ടെങ്കിലും ഒരു സ്ഥലത്ത് അയാളുടെ ജീവന് ഒരു ഭീഷണി ഉണ്ടെന്ന് അറിഞ്ഞുകഴിഞ്ഞാൽ അയാൾ ചിലപ്പോൾ കാല് പിടിച്ച് കരയും, എന്നെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ട്.
സിനിമയിൽ അത് വന്നതുകൊണ്ടായിരിക്കും ഒരുപക്ഷേ ആളുകൾക്ക് അത് സ്വീകരിക്കാൻ ഒരു പ്രയാസം. ഞാൻ ആലോചിച്ചപ്പോൾ ശരിയാണ്.
പത്ത് പേർക്കൊപ്പം നടന്നുപോകുമ്പോഴുള്ള ഒരു ഗുണ്ടയുടെ ധൈര്യം ആയിരിക്കില്ല അയാൾ ഒറ്റയ്ക്ക് ഉള്ളപ്പോൾ. അയാളുടെ നേർക്ക് ഒരു കത്തിയുമായിട്ട് വന്നാൽ അയാൾ ചിലപ്പോൾ ഓടും.
അയാളുടെ ജീവൻ രക്ഷിക്കാനല്ലേ നോക്കൂ.” ഇതൊരു ന്യായീകരണമായി കാണേണ്ടതില്ലെന്നും, ഒരു എഴുത്തുകാരൻ എന്ന നിലയിൽ ജീത്തു ജോസഫ് കഥാപാത്രത്തെ വളർത്തിക്കൊണ്ടുവന്ന രീതിയായിരിക്കാം ഇതെന്നും ഷാജോൺ ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന ഭാഗങ്ങളിൽ ഈ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നും, ചിത്രത്തിന്റെ അവസാന ഭാഗം പരിശോധിക്കുമ്പോൾ ദൃശ്യം 4 ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കലാഭവൻ ഷാജോൺ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

