ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാന്റെ വൺ വേ അറ്റാക്ക് ഡ്രോൺ ഒരു വാണിജ്യ ചരക്കുകപ്പലിനെ ആക്രമിച്ചത്.
ഈ സംഭവം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചു. സൈനിക നടപടിക്ക് തൊട്ടുമുമ്പ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ, അമേരിക്ക തിരിച്ചടിക്കുമോ എന്ന ചോദ്യത്തിന് “നിങ്ങൾ കാണാൻ പോവുകയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഈ ആക്രമണത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ലെങ്കിലും, മേഖലയിൽ കുടുങ്ങിയ പതിനൊന്നായിരത്തിലധികം നാവികരെ ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾക്ക് ഈ സംഭവം വഴിവെച്ചു. ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാർ സംവിധാനങ്ങളിലും വെള്ളിയാഴ്ച യുഎസ് സൈന്യം ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
നിലവിൽ ഈ സൈനിക നീക്കത്തോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ കരാർ നിലനിൽക്കുന്നുണ്ടോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ പ്രസിഡന്റ് ട്രംപ് തയ്യാറായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

