സിഎംആര്‍എല്‍ – എക്സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയുടെ ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു.
എച്ച്ഡിഎഫ്സി ബാങ്കിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇതിനു പുറമെ, വീണയുടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുമായി (എഫ്ഡി) ബന്ധപ്പെട്ട
രേഖകളും ഇഡി കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളില്‍ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളും രേഖകളും കണ്ടെത്തിയതായി ഇഡി അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപയാണ് ഏജന്‍സി മരവിപ്പിച്ചിരിക്കുന്നത്. ഈ രേഖകളുടെ വിശദമായ പരിശോധന തുടരുകയാണ്.
സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി കൈപ്പറ്റിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് ഇഡി കാണുന്നത്.
യാതൊരു പ്രകോപനവുമില്ലാതെ, ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് തങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് ഇഡി വിലയിരുത്തുന്നു. ഉദ്യോഗസ്ഥരും സിആര്‍പിഎഫ് സംഘവും സഞ്ചരിച്ച മൂന്ന് വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു.
സംഭവത്തില്‍ ഒരു കാര്‍ ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റിട്ടുണ്ട്. തങ്ങള്‍ എല്ലാ നിയമനടപടികളും പാലിച്ചാണ് പ്രവര്‍ത്തിച്ചതെന്നും സിആര്‍പിഎഫ് സംഘം ജനക്കൂട്ടത്തിന് നേരെ യാതൊരു പ്രത്യാക്രമണവും നടത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.
ആക്രമണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി തിരുവനന്തപുരം പൊലീസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരത്ത് വലിയ രീതിയിലുള്ള പ്രതിരോധമാണ് നേരിടേണ്ടി വന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്ന് മടങ്ങുകയായിരുന്ന ഇഡി സംഘത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലും ചെരുപ്പും എറിയുകയും കൂകിവിളിക്കുകയും ചെയ്ത സാഹചര്യമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

