ദില്ലി: ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോൾ ലഭിക്കുന്ന റീഫണ്ട് തുകയുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ 2026 ഏപ്രിൽ 1, ഏപ്രിൽ 15 എന്നീ തീയതികൾ മുതൽ പ്രാബല്യത്തിൽ വരും. സാധാരണ റിസർവേഷൻ ടിക്കറ്റുകളെയാണ് പുതിയ മാറ്റം ബാധിക്കുന്നത്.
അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നതും ഏജന്റുമാരുടെ കൃത്രിമത്വങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സമയക്രമവും നിരക്കുകളും റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം, ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ മാത്രമേ ഇനി മുതൽ റീഫണ്ട് ലഭിക്കൂ.
നേരത്തെ ഇത് 4 മണിക്കൂർ ആയിരുന്നു. കൂടാതെ, പരമാവധി റീഫണ്ട് ലഭിക്കുന്നതിനായുള്ള സമയപരിധി 48 മണിക്കൂറിൽ നിന്നും 72 മണിക്കൂറായി ഉയർത്തി.
ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ കുറഞ്ഞ ക്യാൻസലേഷൻ ചാർജ് മാത്രം ഈടാക്കി ബാക്കി തുക തിരികെ ലഭിക്കും. 72 മണിക്കൂർ മുതൽ 24 മണിക്കൂർ വരെയുള്ള സമയത്താണെങ്കിൽ ടിക്കറ്റ് തുകയുടെ 25 ശതമാനവും, 24 മണിക്കൂർ മുതൽ 8 മണിക്കൂർ വരെയുള്ള സമയത്താണെങ്കിൽ 50 ശതമാനവും റെയിൽവേ ഈടാക്കും.
അതേസമയം, തത്കാൽ (Tatkal), ആർ.എ.സി (RAC) ടിക്കറ്റുകളുടെ ക്യാൻസലേഷൻ നിയമങ്ങളിൽ മാറ്റമില്ല. കൺഫേം ആയ തത്കാൽ ടിക്കറ്റുകൾ റദ്ദാക്കിയാൽ നിലവിലത്തെ പോലെ തന്നെ പണം തിരികെ ലഭിക്കില്ല.
വെയിറ്റ്ലിസ്റ്റ് തത്കാൽ ടിക്കറ്റുകൾക്ക് നിലവിലെ നിയമം തുടരും. ആർ.എ.സി ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും റദ്ദാക്കിയില്ലെങ്കിൽ റീഫണ്ട് ലഭിക്കില്ലെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

