
ലാഹോർ: ചാമ്പ്യൻസ് ട്രോഫിയിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് എട്ട് റൺസ് തോൽവി വഴങ്ങി മുൻ ഏകദിന ചാമ്പ്യന്മാരായ ഇംഗ്ളണ്ട് പുറത്തായിരുന്നു. ഇതിനുപുറമേ വിവിധ ഇംഗ്ളണ്ട് താരങ്ങൾക്ക് നേരെ പല കോണുകളിൽ നിന്നും കളിയാക്കി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇംഗ്ളണ്ട് മദ്ധ്യനിര ബാറ്ററായ ഹാരി ബ്രൂക്കിന് നേരെ മുൻ ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗവാസ്കറുടെ ചോദ്യമാണ് ഇപ്പോൾ വാർത്തയാകുന്നത്.
‘ഹാരി ബ്രൂക്ക് കഴിഞ്ഞ മത്സരത്തിൽ പുറത്തായത് കണ്ടു. ലാഹോറിലെ ലൈറ്റുകളെല്ലാം ഓക്കെയല്ലേ? കാരണം കൊൽക്കത്തയിൽ ഹാരി കളിക്കുമ്പോൾ പുകമഞ്ഞ് കാരണം ഒന്നും നേരെ കാണാനായില്ലെന്നാണ് അയാൾ പറഞ്ഞത്. അതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്. ലാഹോറിലെ ലൈറ്റൊക്കെ ഓക്കെയല്ലേ? എന്തെന്നാൽ പുറത്താകാൻ ഹാരി നൽകിയ ക്യാച്ചിംഗ് പ്രാക്ടീസ് കണ്ട് ചോദിച്ചതാണ്.’ ഗവാസ്കർ പറഞ്ഞു. വിസ്ഡന്റെ ക്രിക്കറ്റ് അവലോകന ചർച്ചയിലാണ് ഗവാസ്കറുടെ ചോദ്യം.
ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി ഇന്ത്യയിൽ നടന്ന ട്വന്റി20, ഏകദിന പരമ്പരകൾ ഇംഗ്ളണ്ട് തോറ്റിരുന്നു. ഇതിൽ കൊൽക്കത്തയിൽ നടന്ന ട്വന്റി20യിൽ 17 റൺസിന് ബ്രൂക്ക് പുറത്തായി. വരുൺ ചക്രവർത്തിയുടെ പന്ത് മനസിലാകാതെയാണ് പുറത്തായത്. കഴിഞ്ഞദിവസം അഫ്ഗാനുമായുള്ള മത്സരത്തിൽ ഓഫ്സ്പിന്നറായ മുഹമ്മദ് നബിയുടെ പന്തിൽ തിരികെ ക്യാച്ച് നൽകിയാണ് ബ്രൂക്ക് മടങ്ങിയത്. 21 പന്തിൽ 25 റൺസ് മാത്രമാണ് ബ്രൂക്ക് നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇംഗ്ളണ്ട് ഓപ്പണർ ബെൻ ഡക്കറ്റിനും ആരാധകർ ട്രോളിയിരുന്നു. ഇംഗ്ളണ്ട്- ഇന്ത്യ ട്വന്റി20 പരമ്പര 2-0ന് പിന്നിലായിരുന്നപ്പോൾ 3-0ന് തോറ്റാലും പ്രശ്നമില്ലെന്നും ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കുമെന്നായിരുന്നു ബെൻ ഡക്കറ്റ് അന്ന് പറഞ്ഞത്. നിലവിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ ഇംഗ്ളണ്ട് പുറത്തായതോടെയാണ് നിരവധി പേർ പരിഹസിച്ചത്.