പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പള്ളിയോട
സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സ്പെഷൽ പാസ് ആറന്മുള സദ്യ ഇതിനോടകം ജനശ്രദ്ധ നേടുന്നു. ജൂലൈ 20ന് ആരംഭിച്ച സദ്യയുടെ ഭാഗമായി ഇതുവരെ 14,000 പേർ സദ്യയിൽ പങ്കാളികളായി.
സെപ്റ്റംബർ 16ന് സമാപിക്കുന്ന ഈ സീസണിൽ ആകെ 20,000 ആളുകൾ സദ്യയിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. ഓൺലൈൻ ബുക്കിങ് ആരംഭിച്ച് പത്ത് ദിവസത്തിനകം തന്നെ വെബ്സൈറ്റ് വഴിയുള്ള മുഴുവൻ ബുക്കിങ്ങുകളും പൂർത്തിയായിരുന്നു.
തുടർന്ന് ലഭ്യമായിരുന്ന ഓഫ്ലൈൻ ബുക്കിങ് സൗകര്യവും ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ പൂർണ്ണമായി അവസാനിച്ചു. പള്ളിയോട
സേവാസംഘം ഒരാൾക്ക് 300 രൂപയാണ് പാസ് നിരക്കായി ഈടാക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ളവരും വിദേശമലയാളികളും ഉൾപ്പെടെ വിവിധ തുറകളിൽ നിന്നുള്ളവർ ജാതിമതഭേദമന്യേയാണ് സദ്യ ആസ്വദിക്കാൻ എത്തിയത്.
ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കുന്ന സദ്യ മൂന്ന് ബാച്ചുകളിലായി നടക്കുന്നു. ഓരോ ബാച്ചിലും 360 പേർക്കാണ് പ്രവേശനം.
ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമെ, പത്തോളം വിഭവങ്ങൾ ആവശ്യാനുസരണം വിളമ്പി നൽകുകയും ചെയ്യുന്നുണ്ട്. സദ്യാലയത്തിലെ പ്രത്യേക ഒരുക്കങ്ങൾ, വഞ്ചിപ്പാട്ട് കലാകാരന്മാരുടെ പ്രകടനം, ആറന്മുളയുടെ പൈതൃകം വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദർശനം, ആവശ്യത്തിന് ശുചിമുറി സൗകര്യങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ വ്യക്തമാക്കി.
വള്ളസദ്യ വഴിപാടുകൾ ഒരുക്കുന്ന 16 സദ്യ കരാറുകാരാണ് ഈ സ്പെഷൽ സദ്യയ്ക്കും നേതൃത്വം നൽകുന്നത്. സദ്യ ബുക്ക് ചെയ്ത രസീതുമായി എത്തുന്നവർക്ക് രാവിലെ 10 മണി മുതൽ സദ്യാലയത്തിലെ പ്രത്യേക ഓഫീസ് കൗണ്ടറിൽ നിന്നും പ്രവേശന പാസും ടോക്കണും ലഭ്യമാക്കും.
ക്ഷേത്ര കാണിക്കവഞ്ചിക്ക് സമീപമുള്ള തെക്കേടത്തില്ലം സദ്യാലയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. സ്പെഷ്യൽ പാസ് കൺവീനർ വിജയകുമാർ ചുങ്കത്തിൽ, ജോയിന്റ് കൺവീനർ ഹരീഷ് കുമാർ മാലക്കര, മോഹൻ ജി.നായർ, ബാലൻ ചിറയിറമ്പ്, പി.കെ.സുധീർകുമാർ, സി.ജി.പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

