പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്. വിഷയത്തിൽ പ്രതിഷേധിച്ച് മലബാറിലെ എംപിമാർ ഇന്ന് നിരാഹാര സമരം നടത്തും.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ബിജെപി നടപ്പാക്കുന്ന നീക്കമാണ് ഈ വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ശക്തമായി ആരോപിച്ചു. അതേസമയം, പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന മംഗളൂരു സ്റ്റേഷൻ അടക്കമുള്ള പ്രധാന ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനു കീഴിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡ് തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി കത്തയച്ചു.
കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും വരുംകാല വികസന മുന്നേറ്റങ്ങളെയും ഗുരുതരമായി ബാധിക്കുന്ന ഇത്രയും നിർണ്ണായകമായ ഒരു തീരുമാനം കൈക്കൊള്ളുന്നതിന് മുൻപ് കേരള സർക്കാരുമായി യാതൊരുവിധ കൂടിയാലോചനയും നടത്താൻ റെയിൽവേ ബോർഡ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി. ഈ വിഭജനം കേരളത്തിന് കനത്ത തിരിച്ചടിയാകുമ്പോൾ കർണാടകത്തിന് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്.
മൈസൂരു റെയിൽവേ ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 500 മുതൽ 600 കോടി രൂപയുടെ വരെ വർദ്ധനവ് ഇതിലൂടെ ഉണ്ടാകും. എന്നാൽ, പനമ്പൂർ സ്റ്റേഷൻ നഷ്ടപ്പെടുന്നത് പാലക്കാട് ഡിവിഷന്റെ സാമ്പത്തിക അടിത്തറയെ തകർക്കും.
വാർഷിക വരുമാനത്തിൽ ഏകദേശം 1100 കോടി രൂപയുടെ വൻ കുറവാണ് ഇതിലൂടെ സംഭവിക്കുക. പാലക്കാട് ഡിവിഷന്റെ ആകെ വരുമാനത്തിന്റെ 90 ശതമാനവും ചരക്കുനീക്കത്തിൽ നിന്നാണ് ലഭിക്കുന്നത്.
മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകൾ കൂടി നഷ്ടപ്പെടുന്നതോടെ ടിക്കറ്റ് വരുമാനത്തിലും വലിയ ഇടിവുണ്ടാകും. മൊത്തത്തിൽ റെയിൽവേയ്ക്ക് വരുമാന നഷ്ടമില്ലെങ്കിലും കേരളത്തിന് ഇത് കനത്ത ആഘാതമായി മാറും, ഒപ്പം പാലക്കാട് ഡിവിഷന്റെ നിലനിൽപ് തന്നെ വലിയ പ്രതിസന്ധിയിലാകും.
പാലക്കാട് ഡിവിഷന് നേരിടേണ്ടിവരുന്ന സാമ്പത്തിക തകർച്ച
ഉള്ളാൾ മുതൽ മംഗളൂരു റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗങ്ങൾ വെട്ടിമാറ്റിയാണ് മൈസൂരു ഡിവിഷനോടൊപ്പം ചേർക്കുന്നത്. ഇതോടെ മംഗളൂരുവിൽ നിന്നും ആരംഭിച്ച് കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ പൂർണ്ണ നിയന്ത്രണം മൈസൂരു ഡിവിഷന്റെ കൈകളിലേക്ക് ഒതുങ്ങും.
കണ്ണൂരിലും കോഴിക്കോടും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മുതൽ മൈസൂരു ഡിവിഷന്റെ പ്രത്യേക അനുമതി നിർബന്ധമായും തേടേണ്ടി വരും. കൂടാതെ, എമർജൻസി ക്വാട്ട
ടിക്കറ്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി മലബാർ മേഖലയിലെ യാത്രക്കാർ മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പാലക്കാട് റെയിൽവേ ഡിവിഷന്റെ കീഴിൽ ഏറ്റവും കൂടുതൽ വരുമാനം സംഭരിക്കുന്ന പനമ്പൂർ സ്റ്റേഷനും മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടുകയാണ്.
മംഗളൂരു തുറമുഖത്ത് നിന്നും കൽക്കരി, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ ചരക്കുനീക്കം നടക്കുന്ന നിർണ്ണായക സ്റ്റേഷനാണ് ഇത്. മംഗളൂരു സെൻട്രൽ സ്റ്റേഷനും കൈവിട്ടുപോകുന്നതോടെ പാലക്കാട് ഡിവിഷന് താങ്ങാനാവാത്ത വരുമാന നഷ്ടമാണുണ്ടാവുക.
ഈ നടപടി കേരളത്തിന്റെ റെയിൽവേ മേഖലയുടെ സമഗ്ര വികസനത്തെ സാരമായി ബാധിക്കുമെന്ന് ആശങ്ക ഉയരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

