അമ്പലപ്പുഴ ∙ തോട്ടപ്പള്ളി തുറമുഖത്തെ പുലിമുട്ടിനുള്ളിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളം കടലിൽ പൂർണമായി മുങ്ങി. പുന്നപ്ര ഉത്രം വീട്ടിൽ സുരാജിന്റെ ഉടമസ്ഥതയിലുള്ള ‘ഹരണി ഇൻ ബോർഡ്’ വള്ളമാണ് അപകടത്തിൽ തകർന്നത്.
കഴിഞ്ഞദിവസം മത്സ്യബന്ധനം പൂർത്തിയാക്കി ഹാർബറിൽ എത്തിച്ചതായിരുന്നു ഈ വള്ളം. അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന യന്ത്രങ്ങൾ, വലകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ പൂർണമായും നശിച്ചു.
മുപ്പത് ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ഈ വള്ളത്തിൽ നാൽപതോളം തൊഴിലാളികൾ ജോലി ചെയ്തുവരുന്നുണ്ട്.
ഇന്നലെ രാവിലെ പതിവുപോലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴാണ് വള്ളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് കാര്യമായ വരുമാനം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഈ വലിയ ദുരന്തമുണ്ടായിരിക്കുന്നത്.
സർക്കാർ തലത്തിൽ അടിയന്തര സഹായം ലഭ്യമായില്ലെങ്കിൽ ഈ മേഖലയിലെ തൊഴിലാളികൾ കടുത്ത പട്ടിണിയിലാകുമെന്ന് വിവിധ തൊഴിലാളി സംഘടനകൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

