കൊല്ലം ജില്ലയിൽ മണ്ണുമാഫിയയുടെ പ്രവർത്തനം അതിരുകടക്കുന്നുവെന്ന് ആക്ഷേപം. കൊട്ടാരക്കരയിൽ നിന്ന് റിട്ടയർ ചെയ്ത ഒരു പൊലീസ് ഓഫിസറുടെ വാക്കുകളിൽ ഈ സാഹചര്യം വ്യക്തമാണ്.
‘‘കൊട്ടാരക്കര നിന്നു നോക്കിയാൽ പുനലൂർ കാണാവുന്ന രീതിയിൽ മലനിരകൾ ഇടിച്ചുനിരത്തി’’ എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്. മണ്ണുമാഫിയയ്ക്ക് രാഷ്ട്രീയ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥതലത്തിലും ലഭിക്കുന്ന അമിത സ്വാധീനമാണ് കുന്നുകൾ അപ്രത്യക്ഷമാകുന്നതിന് പിന്നിലെന്നാണ് വിലയിരുത്തൽ.
ടിപ്പർ ലോറികൾ പിടികൂടിയാൽ ഉടൻ തന്നെ ഉന്നതങ്ങളിൽ നിന്ന് സമ്മർദ്ദമുണ്ടാകുന്നതും, ജനപ്രതിനിധികളുടെ ഓഫിസുകളിൽ നിന്നുള്ള ഇടപെടലുകളും നടപടികൾക്ക് തടസ്സമാകുന്നുവെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. ഇതേസമയം, പൊലീസും മോട്ടർ വാഹനവകുപ്പും പരസ്പരം പഴിചാരുകയാണ്.
ജില്ലയിൽ മോട്ടർ വാഹനവകുപ്പിന് ആറ് എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ഉണ്ടെങ്കിലും അവരെ നിരത്തുകളിൽ കാണാനില്ലെന്ന് നാട്ടുകാരും പൊലീസും ഒരേപോലെ പരാതിപ്പെടുന്നു. അതേസമയം, പൊലീസിനു മുന്നിലൂടെ ടിപ്പർ ലോറികൾ അമിതഭാരം കയറ്റി പായുമ്പോൾ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് മോട്ടർ വാഹനവകുപ്പ് ആരോപിക്കുന്നു.
പൊലീസാകട്ടെ, അമിതഭാരവുമായി പോകുന്ന ലോറികളെ തടഞ്ഞുനിർത്തി 250 രൂപയുടെ പിഴ ഈടാക്കി വിടുന്നതായി മറുപടി നൽകുന്നു. ഡ്രൈവർ യൂണിഫോം ധരിച്ചില്ല എന്ന കുറ്റത്തിനാണ് ഈ പിഴയെന്നും അമിതഭാരത്തിന് നടപടിയെടുക്കുന്നില്ലെന്നും വിമർശനമുണ്ട്.
ചട്ടങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്ക് 75,000 രൂപ വരെ പിഴ ഈടാക്കാൻ മോട്ടർ വാഹനവകുപ്പിന് അധികാരമുണ്ടെന്നിരിക്കെ, നടപടികളിൽ തുടരുന്ന വിമുഖത ദുരൂഹത ഉണർത്തുന്നുണ്ട്. എന്നാൽ, വകുപ്പിനുള്ളിലെ ചിലരുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും ഭീഷണിയും നേരിടേണ്ടി വരുന്നുണ്ടെന്ന് വെളിപ്പെടുത്തലുകൾ ഉയരുന്നുണ്ട്.
‘സഹകരിക്കാത്ത’ ടിപ്പറുകളെ രാത്രി രണ്ടുമണിക്ക് പോലും കാത്തിരുന്ന് പിടികൂടുന്ന രീതിയും നിലവിലുണ്ട്. നിയമനടപടികൾ സ്വീകരിച്ചാലും ടിപ്പറുടമകൾ പിഴയൊടുക്കാൻ തയ്യാറാകാറില്ലെന്നും, കേസ് എടുക്കുന്ന ഉദ്യോഗസ്ഥൻ പിന്നീട് വേട്ടയാടപ്പെടുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഇത്തരം സമ്മർദ്ദങ്ങൾ ഭയന്നാണ് പലരും സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

