ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഭാഗികമായി പുനരാരംഭിച്ചെങ്കിലും, ആഗോള വിപണിയിൽ ചരക്കുനീക്കത്തിനായുള്ള ചെലവ് അനിയന്ത്രിതമായി വർധിക്കുകയാണ്. യുദ്ധസമാനമായ സാഹചര്യത്തിന് മുൻപുള്ളതിനേക്കാൾ ഇരട്ടിയിലധികം തുകയാണ് നിലവിൽ എണ്ണക്കപ്പലുകൾ ഈടാക്കുന്നത്.
പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ നീക്കത്തിനായി സാധാരണയേക്കാൾ ഒൻപത് മടങ്ങോളം അധിക നിരക്ക് നൽകി ടാങ്കറുകൾ ബുക്ക് ചെയ്യേണ്ടി വന്നുവെന്ന റിപ്പോർട്ടുകൾ ആശങ്ക വർധിപ്പിക്കുന്നു. പ്രതിസന്ധിയുടെ കാരണങ്ങൾ കടലിടുക്ക് തുറന്നതിന് പിന്നാലെ ക്രൂഡോയിൽ ശേഖരം പരമാവധി വേഗത്തിൽ എത്തിക്കാൻ വിവിധ രാജ്യങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
എന്നാൽ ആവശ്യാനുസരണം കപ്പലുകൾ ലഭ്യമല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കൂടാതെ, മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള അനിശ്ചിതത്വവും നിരക്ക് വർധനയ്ക്ക് ആക്കം കൂട്ടുന്നു.
ഇറാനും യുഎസും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ കരാർ ഒപ്പിട്ടുവെങ്കിലും, ഗതാഗതം പൂർണതോതിൽ സാധാരണ നിലയിലേക്ക് എത്താൻ കൂടുതൽ സമയം ആവശ്യമായി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. യുദ്ധത്തിന് മുൻപ് ദിവസേന 120 മുതൽ 140 വരെ കപ്പലുകൾ സഞ്ചരിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ വളരെ കുറഞ്ഞ ശതമാനം കപ്പലുകൾ മാത്രമാണ് കടലിടുക്ക് വഴി കടന്നുപോകുന്നത്.
കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ നിലവിൽ ഹോർമുസിനുള്ളിൽ നൂറോളം കപ്പലുകൾ ചരക്കുമായി കുടുങ്ങിക്കിടക്കുകയാണ്. ചരക്ക് കയറ്റാനായി കാലിയായ കപ്പലുകൾ ലഭ്യമല്ലാത്ത അവസ്ഥയാണ് കമ്പനികൾ നേരിടുന്നത്.
ഇതിനുപരിഹാരമായി പുറത്തുനിന്നും കപ്പലുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിന്റെ സാമ്പത്തിക ബാധ്യതയും ഭീമമാണ്. ഒരാഴ്ച മുൻപ് ഒരു ലക്ഷം ഡോളറായിരുന്ന കപ്പൽ വാടക, കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ലക്ഷം ഡോളറായി ഉയർന്നുകഴിഞ്ഞു.
വരും ദിവസങ്ങളിലും നിരക്ക് ഉയരാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കപ്പൽ കമ്പനികളുടെ നേട്ടം ഈ സാഹചര്യം കപ്പൽ കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടമാണ് നൽകുന്നത്.
ഉയർന്ന നിരക്കിനൊപ്പം ഇൻഷുറൻസ് പ്രീമിയത്തിലെ കുറവും കമ്പനികൾക്ക് അനുകൂലമായിട്ടുണ്ട്. യുദ്ധകാലത്ത് കപ്പലിന്റെ മൂല്യത്തിന്റെ അഞ്ചു ശതമാനമായിരുന്ന ഇൻഷുറൻസ് പ്രീമിയം നിലവിൽ മൂന്ന് ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഇതും കപ്പൽ ഉടമകളുടെ ലാഭവിഹിതം ഉയരാൻ കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

