കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടുകയും ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകുകയും ചെയ്തു.
പാനൂർ പൂക്കോം റോഡിൽ പ്രവർത്തിക്കുന്ന സഫ്രാൻ മന്തി എന്ന ഹോട്ടലിൽ നിന്നും ഇന്നലെ വൈകുന്നേരം വിദ്യാർഥികൾ കുഴിമന്തി വാങ്ങി കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വിദ്യാർഥികൾക്ക് ഛർദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു.
ഉടൻതന്നെ ഇവരെ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വിഷയത്തിൽ വിദ്യാർഥികളുടെ കുടുംബം പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഇന്നലെ രാത്രി തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ഹോട്ടലിലെ ഭക്ഷണസാധനങ്ങളുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചു. കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.
പരിശോധനാ റിപ്പോർട്ട് ലഭ്യമായ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

