നീലേശ്വരത്ത് നടക്കുന്ന സംസ്ഥാന ഇന്റർ ഐടിഐ കലോത്സവത്തിൽ പങ്കെടുത്ത മത്സരാർഥികളുടെ താമസ സൗകര്യം പ്രതിസന്ധിയിലായപ്പോൾ, കൈത്താങ്ങായി ബങ്കളത്തെ നാട്ടുകാർ രംഗത്തെത്തി. മുഹറം അവധി സംബന്ധിച്ച തീയതിയിലുണ്ടായ മാറ്റമാണ് കലോത്സവ സംഘാടകർക്ക് വെല്ലുവിളിയായത്.
നേരത്തെ അവധിയായി നിശ്ചയിച്ചിരുന്ന 25-ാം തീയതി കണക്കിലെടുത്ത് ബങ്കളം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു താമസ സൗകര്യം ക്രമീകരിച്ചിരുന്നത്.
എന്നാൽ അവധി 26-ലേക്ക് മാറിയതോടെ, സ്കൂളിലെ അധ്യയനം തടസ്സപ്പെടാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം മറ്റ് സംവിധാനങ്ങൾ തേടേണ്ടി വന്നു. ഈ പ്രതിസന്ധിഘട്ടത്തിലാണ് കുട്ടികൾക്ക് താമസ സൗകര്യം ഒരുക്കാൻ ബങ്കളത്തെ നാട്ടുകാർ സ്വമേധയാ മുന്നിട്ടിറങ്ങിയത്.
450-ൽ അധികം പെൺകുട്ടികൾക്ക് താമസിക്കാനായി പ്രദേശത്തെ നൂറോളം കുടുംബങ്ങളാണ് തങ്ങളുടെ വീടുകൾ വിട്ടുനൽകിയത്. വീട്ടുടമസ്ഥർ സ്വന്തം ബന്ധുവീടുകളിലേക്ക് താമസം മാറിയാണ് വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കിയത്.
ആൺകുട്ടികൾക്കായി കയ്യൂർ ഗവ. ഐടിഐയിലും എരിക്കുളം ഗവ.
ഐടിഐയിലുമായി താമസസൗകര്യം ക്രമീകരിച്ചതായി സംഘാടകസമിതി വർക്കിങ് ചെയർമാൻ വി.പ്രകാശൻ അറിയിച്ചു. കലോത്സവത്തിന്റെ ആദ്യദിനം പിന്നിടുമ്പോൾ 28 പോയിന്റുകളുമായി തിരുവനന്തപുരം ആറ്റിങ്ങൽ ഐടിഐ മുന്നിട്ടു നിൽക്കുന്നു.
14 പോയിന്റ് നേടിയ കോഴിക്കോട് ഐടിഐ ആണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്തെ 32 ഐടിഐകളിൽ നിന്നായി ആയിരത്തോളം പ്രതിഭകളാണ് 41 ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്.
മോണോ ആക്ട്, മിമിക്രി, മൈം, സംഘഗാനം, വഞ്ചിപ്പാട്ട്, നാടൻപാട്ട്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. രാജ്മോഹൻ ഉണ്ണിത്താൻ എംപി കലോത്സവം ഉദ്ഘാടനം ചെയ്തു.
യൂണിയൻ ചെയർമാൻ പി.അഭിചന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.സബീഷ്, കെ.സുജാത, പി.ഗോവിന്ദൻ, ഷമ്മി ബക്കർ, ബെൻസ് ഹെൻറി ജോസഫ്, കെ.എം.ഈശ്വരൻ, കെ.അനുരാഗ്, കെ.പ്രഭാകരൻ, നാരായണൻ മുണ്ടോട്ട് എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

