സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ അഴിമതി തുടച്ചുനീക്കുന്നതിനായി കർശന നടപടികളുമായി ആഭ്യന്തരവകുപ്പ്. ‘പ്രോജക്ട് സീറോ’ എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചതായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
വിജിലൻസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായ പോരാട്ടത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പകർത്തി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കുന്നവർക്ക് 5,000 രൂപ പാരിതോഷികമായി ലഭിക്കും. ലഭിക്കുന്ന തെളിവുകൾ വിജിലൻസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ച ശേഷം ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമായിരിക്കും ഈ തുക കൈമാറുക.
വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. “അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും വച്ചുപൊറുപ്പിക്കില്ല” എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്നും അത് അഴിമതിരഹിതമായി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ ‘ഓപ്പറേഷന് തൂഫാന്- ദ നാർക്കോ ഹണ്ട്’ പദ്ധതിക്ക് പിന്നാലെയാണ് പുതിയ നീക്കം.
പഴയ നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 1969ൽ നിർമ്മിച്ച വിജിലൻസ് മാന്വൽ കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു.
അഴിമതി നടന്ന ശേഷം അന്വേഷിക്കുന്നതിനേക്കാൾ അത്തരം സംഭവങ്ങൾ മുൻകൂട്ടി തടയുന്നതിനാണ് മുൻഗണന നൽകുന്നത്. മിന്നൽ പരിശോധനകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ രമേശ് ചെന്നിത്തല പദ്ധതിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ലോഗോ ഏറ്റുവാങ്ങി.
ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവ് മുൻ ഡിജിപി എ. ഹേമചന്ദ്രൻ, ഐജി തോംസൺ ജോസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

