തൃശൂർ: തന്നെ ലക്ഷ്യമിട്ട് ബോധപൂർവമായ നീക്കങ്ങളും നുണക്കഥകളും മെനയുന്നവർക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോൺഗ്രസ് നേതാവും എഐസിസി സെക്രട്ടറിയുമായ ടി.എൻ. പ്രതാപൻ രംഗത്ത്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. താൻ കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തോട് അങ്ങേയറ്റം കൂറും പ്രതിബദ്ധതയും പുലർത്തുന്ന വ്യക്തിയാണെന്നും, അവസാന ശ്വാസം വരെ പാർട്ടിയുടെ പതാകയേന്തി സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമനടപടികൾ സ്വീകരിച്ചു
തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനകം തന്നെ ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും, പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു.
“പിണറായി സർക്കാരിന്റെ കാലത്തേതുപോലെയാകില്ല; മറയത്തിരുന്ന് നുണ എഴുതി വിടുന്ന ഭീരുക്കൾ ഇനി രക്ഷപ്പെട്ടുപോകില്ല” എന്ന് അദ്ദേഹം വ്യക്തമാക്കി. ആദർശങ്ങളിൽ അടിയുറച്ച്
കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഒറ്റുകാരും പാർട്ടിയുടെ ശത്രുക്കളും വ്യാജവാർത്തകൾ നിർമ്മിച്ച് മുതലെടുപ്പ് നടത്താമെന്ന് വ്യാമോഹിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും കോൺഗ്രസിനോടുള്ള തന്റെ പ്രതിബദ്ധതയെ തൊട്ടുതീണ്ടാൻ പോലും ആർക്കും കഴിയില്ലെന്ന് പ്രതാപൻ കൂട്ടിച്ചേർത്തു. അഞ്ചു പതിറ്റാണ്ടായി താൻ കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ മൂല്യങ്ങൾക്കും ആദർശങ്ങൾക്കും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മരിച്ചുകിടക്കുമ്പോൾ കോൺഗ്രസിന്റെ ത്രിവർണ്ണ പതാക പുതച്ചു കിടക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയ ടി.എൻ. പ്രതാപൻ, വർഗീയതയ്ക്കും വിഭജന രാഷ്ട്രീയത്തിനുമെതിരെ അവസാന ശ്വാസം വരെ പൊരുതുമെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

