ഹാന്റ വൈറസ് ബാധ കണ്ടെത്തിയ എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട സ്പാനിഷ് പൗരന് രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച വ്യക്തിയെ മാഡ്രിഡിലെ ഗോമസ് ഉല്ല സെന്‍ട്രല്‍ ഡിഫന്‍സ് ഹോസ്പിറ്റലിലെ ഹൈ-ലെവല്‍ ഐസൊലേഷന്‍ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. സ്പാനിഷ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മെയ് 10 മുതൽ പ്രസ്തുത ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 14 സ്പെയിൻ സ്വദേശികളിൽ ഒരാളാണ് ഇദ്ദേഹം. രോഗബാധയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരിൽ ഒരാളാണ് ഇദ്ദേഹമെന്നാണ് പ്രാഥമിക നിഗമനം.
കപ്പലിലുണ്ടായിരുന്നവരിൽ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ സ്പെയിൻ സ്വദേശിയാണ് ഇദ്ദേഹം. ഏപ്രിലിൽ അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ ഹാന്റ വൈറസ് ബാധയേറ്റ് മൂന്ന് യാത്രക്കാർ മരണപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ വൈറസ് വ്യാപനം തടയാൻ അന്താരാഷ്ട്ര തലത്തിൽ ആരോഗ്യപ്രവർത്തകർ അതീവ ജാഗ്രതയിലാണ്. കപ്പലിലെ ഭൂരിഭാഗം യാത്രക്കാരും മെയ് മാസത്തിൽ സ്പെയിനിലെ കാനറി ദ്വീപുകളിൽ ഇറങ്ങി വിമാനമാർഗ്ഗം സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു.
ജീവനക്കാരിൽ ഭൂരിഭാഗം പേരും നെതർലൻഡ്സിലാണ് കപ്പലിറങ്ങിയത്. വൈറസിന്റെ ശരാശരി ഇന്‍കുബേഷന്‍ കാലയളവ് മൂന്നാഴ്ചയാണെങ്കിലും, രോഗലക്ഷണങ്ങൾ പ്രകടമാകാൻ ആറാഴ്ച വരെ സമയം എടുത്തേക്കാം.
അതിനാൽ കപ്പലിൽ നിന്ന് ഇറങ്ങിയ ദിവസം മുതൽ കുറഞ്ഞത് 42 ദിവസത്തേക്ക് യാത്രക്കാരെ കർശന നിരീക്ഷണത്തിലാക്കാനാണ് പകര്‍ച്ചവ്യാധി വിദഗ്ദ്ധരുടെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിൽ രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സാധാരണയായി എലികളിലൂടെ പകരുന്ന വൈറസ് കപ്പലിൽ വെച്ച് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നിരിക്കാമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ക്ഷീണം, പനി, വിറയൽ, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രോഗം ഗുരുതരമായാൽ ഹൃദയം, ശ്വാസകോശം, വൃക്കകൾ എന്നിവയുടെ പ്രവർത്തനം നിലയ്ക്കാനും ശ്വാസംമുട്ടൽ മൂലം മരണം സംഭവിക്കാനും സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

