മഹാരാഷ്ട്രയിലെ കോലാപുരിൽ അമ്മാവന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന് ആഡംബര വാഹനം വാങ്ങിയ യുവാവ് അറസ്റ്റിൽ. സത്താവെ ഗ്രാമത്തിലെ സമർ ചവാൻ (19) ആണ് പൊലീസ് പിടിയിലായത്.
ഒരു മാസം മുൻപാണ് അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ വീട്ടിൽ നിന്ന് ഇരുപത്തൊന്ന് പവനോളം വരുന്ന സ്വർണം പ്രതി മോഷ്ടിച്ചത്. കവർച്ച ചെയ്ത സ്വർണം ഗ്രാമത്തിലെ ആഭരണവിൽപ്പനക്കാരനായ സംഗറാം ബാബസോ എന്നയാൾക്കാണ് പ്രതി വിറ്റത്.
ലഭിച്ച പണം ഉപയോഗിച്ചാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ഈ വാഹനത്തിന്റെ പൂജ ചടങ്ങിലേക്ക് അമ്മാവൻ ഉൾപ്പെടെയുള്ള ബന്ധുക്കളെയും പ്രതി നേരിട്ട് ക്ഷണിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
അടുത്തിടെ ഒരു ചടങ്ങിനായി ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം പരാതിക്കാരനായ ഉമേഷ് മാരുതി അറിയുന്നത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടത്. എന്നാൽ വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയുടെ സ്വർണം സുരക്ഷിതമായിരുന്നു.
തുടർന്ന് ഇദ്ദേഹം രണ്ടുദിവസം മുൻപ് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. മുത്തശ്ശിയുടെ സ്വർണം ഒഴിവാക്കി ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങൾ മാത്രം നഷ്ടപ്പെട്ടതിൽ പൊലീസിന് തുടക്കത്തിൽ തന്നെ സംശയം തോന്നിയിരുന്നു.
വീടും ചുറ്റുപാടുകളും നന്നായി അറിയാവുന്ന ഒരാളാണ് ഇതിന് പിന്നിലെന്ന് പൊലീസ് നിഗമനത്തിലെത്തി. ഇതിനിടയിലാണ് ബന്ധുവായ പത്തൊൻപതുകാരൻ പുതിയ വാഹനം വാങ്ങിയ വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
സ്ഥിര ജോലിയോ മറ്റ് വരുമാന മാർഗങ്ങളോ ഇല്ലാത്ത യുവാവിന് ഇത്രയും വലിയ തുക എവിടെനിന്ന ലഭിച്ചെന്ന സംശയത്തിൽ പൊലീസ് അന്വേഷണം അവിടേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ കസ്റ്റഡിയിലെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ വാങ്ങി സൂക്ഷിച്ച ജ്വല്ലറി ഉടമയായ സംഗ്രാമിനെയും പൊലീസ് കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

