ദുബായിൽ രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ജോയ് ആലുക്കാസ് ജ്വല്ലറി. പതിനാറ് കിലോഗ്രാമിലധികം തൂക്കമുള്ള ഭീമാകാരമായ സ്വർണ്ണ ജിമ്മിക്കി നിർമ്മിച്ചാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
കൈകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലുതുമായ സ്വർണ്ണക്കമ്മലുകൾ എന്ന ഗിന്നസ് ബഹുമതിയാണ് ഈ ആഭരണം സ്വന്തമാക്കിയത്. ‘മയൂര സഹസ്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ 22 കാരറ്റ് സ്വർണ്ണക്കമ്മലുകൾക്ക് ആകെ 16.514 കിലോഗ്രാം തൂക്കമുണ്ട്.
‘ആയിരം മയിലുകൾ’ എന്നാണ് ഈ പേരിന്റെ അർത്ഥം. ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലെ ‘ജ്വൽ ഓഫ് ജോയ്’ ഷോറൂമിൽ സംഘടിപ്പിച്ച ചടങ്ങിൽ യു.എ.ഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറിയാണ് ഈ ജിമ്മിക്കികൾ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്.
1.215 മീറ്റർ നീളവും 0.682 മീറ്റർ വ്യാസവുമുള്ള ഈ കൂറ്റൻ കമ്മലുകളുടെ നിർമ്മിതിക്ക് പിന്നിൽ മാസങ്ങൾ നീണ്ട കഠിനാധ്വാനമുണ്ട്.
55 വിദഗ്ദ്ധരായ കരകൗശലത്തൊഴിലാളികൾ ചേർന്ന് 5,840 മണിക്കൂറുകൾ പ്രയത്നിച്ചാണ് ഈ വിസ്മയം പൂർത്തിയാക്കിയത്. ഇന്ത്യൻ സംസ്കാരത്തിൽ സൗന്ദര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും പ്രതീകമായ മയിലുകളിൽ നിന്നും, ദക്ഷിണേഷ്യൻ വധൂവരന്മാരും സ്ത്രീകളും ധരിക്കാറുള്ള പരമ്പരാഗത മണി ആകൃതിയിലുള്ള ജിമ്മിക്കികളിൽ നിന്നുമാണ് ഇതിന്റെ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ഒക്ടോബർ 12-ന് തന്നെ ഇതിന്റെ ഔദ്യോഗിക ഗിന്നസ് റെക്കോർഡ് സ്ഥിരീകരണം ജോയ് ആലുക്കാസിന് ലഭിച്ചിരുന്നു. ഈ അപൂർവ്വ നേട്ടം ദുബായ് നഗരത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച കരകൗശല വിദഗ്ധർക്കുമുള്ള ഉപഹാരമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ.
ജോയ് ആലുക്കാസ് വ്യക്തമാക്കി. ജോയ് ആലുക്കാസിന്റെ ഈ നേട്ടം കേവലം ഒരു ഗിന്നസ് റെക്കോർഡ് എന്നതിലുപരി, പാരമ്പര്യ കരകൗശല വിദ്യയുടെയും അത്യാധുനിക സർഗ്ഗാത്മകതയുടെയും മനോഹരമായ സംയോജനമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

