ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിൽ യുട്യൂബർക്കെതിരെ നിയമനടപടി. അമൃത് സിങ് ഡാരൻ എന്ന യുട്യൂബർക്കെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഫോർട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംഭവത്തിൽ മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഔദ്യോഗികമായി പരാതി സമർപ്പിച്ചിട്ടുണ്ട്.
പ്രദേശത്തെ ‘കാശി’ ആർട്ട് കഫേയിൽ ബീഫ് വിൽക്കുന്നുണ്ടെന്നും ഒരു പ്രത്യേക മതവിഭാഗം കൂടുതലായി വസിക്കുന്നത് കൊണ്ടാണ് അതെന്നും യുട്യൂബർ ഇൻസ്റ്റാഗ്രാം വഴി വിഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. കൂടാതെ, ഈ കഫേയിൽ ഗാന്ധിജിയുടെ പ്രതിമയോടൊപ്പം മുഹമ്മദലി ജിന്നയുടെ വെള്ളി പ്രതിമയും സ്ഥാപിച്ചിട്ടുണ്ടെന്നും വിഡിയോയിൽ അവകാശപ്പെടുന്നുണ്ട്.
സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും വളർത്താനും സമാധാനാന്തരീക്ഷം തകർക്കാനും ലക്ഷ്യമിട്ടാണ് ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു. ബിഎൻഎസിലെ 353(2), 192 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഈ വിഡിയോയെ അനുകൂലിച്ച് ‘സാഡ് റിയാലിറ്റി’ എന്ന് കമന്റ് ചെയ്ത നടിയും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്കെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ വിഡിയോ പൂർണ്ണമായി കാണാതെയാണ് ആ കമന്റിട്ടതെന്നും ഏതെങ്കിലും ഒരു മതത്തെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ദിയ പിന്നീട് വ്യക്തമാക്കി.
ഇതിനെതിരെ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോ ഓർഡിനേറ്റർ താരാ ടോജോ അലക്സ് രംഗത്തുവരികയും കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി.
സതീശൻ നൽകിയ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
“കൊടൈക്കനാലോ മറ്റ് സ്ഥലങ്ങളോ അല്ല, കേരളം ഒറ്റക്കെട്ടാണ്. വർഗീയ വിദ്വേഷത്തിന് ഈ മണ്ണിൽ സ്ഥാനമില്ല.
ഫോർട്ട് കൊച്ചിയെക്കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തി നമ്മുടെ നാടിനെ മോശമായി ചിത്രീകരിക്കാനും, ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ശ്രമിച്ച് അന്യസംസ്ഥാനത്തുനിന്നുള്ള ഒരു വ്ലോഗർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്; നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും.
ഭയമോ പക്ഷപാതമോ ഇല്ലാതെ നീതി ഉറപ്പാക്കാനും മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാനും യുഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ദൈവത്തിന്റെ സ്വന്തം നാടിന് ഒരു പുത്തൻ യുഗം.
വിദ്വേഷത്തിന് ഇവിടെ ഇടമില്ല; നമ്മുടെ നാടിന്റെ മതസൗഹാർദ്ദത്തെ തൊട്ടുതീണ്ടാൻ പോലും ആരെയും അനുവദിക്കില്ല.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

