ഗ്ലോബൽ വ്യാപാര രംഗത്ത് അതിനിർണായകമായ ഹോർമുസ് കടലിടുക്കിൽ ആശ്വാസകരമായ നീക്കവുമായി ഇറാനും ഒമാനും. കടലിടുക്കിൽ സുരക്ഷിതമായ ഒരു താത്കാലിക ഇടനാഴി തുറക്കുമെന്നാണ് ഇരുരാജ്യങ്ങളും സംയുക്തമായി അറിയിച്ചിരിക്കുന്നത്.
ടെഹ്റാനിൽ വെച്ച് നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഈ നിർണായക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ-ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും തമ്മിൽ ടെഹ്റാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന നിർദ്ദേശം മുന്നോട്ടുവെച്ചത്.
മേഖലയിലെ സമുദ്ര സുരക്ഷയും ആഗോള വ്യാപാരത്തിൽ ഹോർമുസ് വഹിക്കുന്ന പങ്കും കൂടിക്കാഴ്ചയിൽ ചർച്ചയായതായി സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. ഈ സമുദ്രപാതയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ തുടരുമെന്നും നേതാക്കൾ അറിയിച്ചു.
ഇതിനിടെ, ഇറാൻ-അമേരിക്ക ചർച്ചകൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിലെ സമുദ്ര പാതയിൽ സ്ഥാപിച്ചിരുന്ന കടൽ മൈനുകൾ പൂർണ്ണമായും നീക്കം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്നും എല്ലാ മൈനുകളും വിജയകരമായി ഒഴിവാക്കിയതായാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. നീക്കം ചെയ്യാൻ സാധിക്കാത്തവ നിയന്ത്രിതമായി പൊട്ടിത്തെറിച്ചെന്നും, ഇനി ഭയപ്പെടാൻ ഒന്നുമില്ലെന്നും യുഎസ് നാവികസേന തന്നെ അറിയിച്ചതായി ട്രംപ് വ്യക്തമാക്കി.
ഭാവിയിൽ പുതിയ മൈനുകൾ സ്ഥാപിക്കാൻ വീണ്ടും ശ്രമമുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇറാനിയൻ ഭരണകൂടത്തിന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

