എറണാകുളം അങ്കമാലി ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെ ഉണ്ടായ തീപിടിത്തം വലിയ ആശങ്കയ്ക്കിടയാക്കി. റെയിൽവേ സ്റ്റേഷനും സ്വകാര്യ ബസ് സ്റ്റാൻഡിനും സമീപം പ്രവർത്തിക്കുന്ന ബാബൂസ് ട്രേഡ് ലിങ്ക്സ് എന്ന സ്റ്റേഷനറി ഹോൾസെയിൽ സ്ഥാപനത്തിന്റെ പിൻഭാഗത്തെ ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്.
ഓണം വിപണി ലക്ഷ്യമാക്കി സംഭരിച്ചിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അത്യന്തം ജ്വലനശേഷിയുള്ള വസ്തുക്കൾ കൂട്ടിയിട്ടിരുന്നത് തീ അതിവേഗം പടരാൻ കാരണമായി. കറുത്ത പുക ആകാശത്തേക്ക് ഉയർന്നത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.
അപകടസമയത്ത് ഗോഡൗണിൽ ജോലിയിലുണ്ടായിരുന്ന തൊഴിലാളികൾ ഉടൻതന്നെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിൽനിന്ന് പുറത്തുകടക്കുന്നതിനിടെ വീണ് പരിക്കേറ്റ കടയുടമയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് അങ്കമാലി ഫയർ സ്റ്റേഷനിൽനിന്നും ആലുവ, ചാലക്കുടി, മാള, ഏലൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിൽനിന്നുമായി അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ സമീപത്തെ വീടുകളിലേക്കോ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കോ പടരാതിരിക്കാൻ സേന അതീവ ജാഗ്രതയാണ് പുലർത്തിയത്.
ദേശീയപാതയിലെ ഗതാഗത തടസ്സം രക്ഷാപ്രവർത്തനത്തെ ഭാഗികമായി ബാധിച്ചെങ്കിലും, പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ഗതാഗതം ക്രമീകരിച്ച് ഫയർഫോഴ്സ് വാഹനങ്ങൾക്ക് വഴിയൊരുക്കി. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല.
അഗ്നിശമന സേനയുടെ നീണ്ട പരിശ്രമത്തിനൊടുവിൽ നിലവിൽ തീ പൂർണമായും നിയന്ത്രണവിധേയമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

