ഒന്നിലധികം ടാബുകൾ തുറന്നുവെച്ച് ജോലി ചെയ്യുന്നവർക്ക് വലിയൊരു പ്രതിസന്ധിയാണ് തപ്പുന്ന വിവരം ഏത് പേജിലാണെന്ന് ഓർത്തെടുക്കുക എന്നത്. സാധാരണയായി ഗൂഗിൾ ക്രോമിലെ Ctrl + F ഷോർട്ട്കട്ട് ഉപയോഗിച്ചാണ് നാം ഒരു പേജിലെ വിവരങ്ങൾ തിരയാറുള്ളത്.
എന്നാൽ നമ്മൾ നോക്കുന്ന പേജിൽ അല്ല ആ വിവരം ഉള്ളതെങ്കിൽ ഈ ഫീച്ചർ കൊണ്ട് മാത്രം കാര്യമില്ല. ഗവേഷണ ആവശ്യങ്ങൾക്കോ ഉൽപ്പന്നങ്ങൾ താരതമ്യം ചെയ്യുമ്പോഴോ ലേഖനങ്ങൾ തയ്യാറാക്കുമ്പോഴോ ഡെസക്കണക്കിന് ടാബുകൾ ഒരേസമയം തുറന്നിടാറുണ്ട്.
എവിടെയോ വായിച്ചറിഞ്ഞ ആ വിവരം ഏത് ടാബിലാണെന്ന് പിന്നീട് കണ്ടുപിടിക്കാൻ ഏറെ പ്രയാസപ്പെടാറുമുണ്ട്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമായാണ് Ctrl-F Plus എന്ന സൗജന്യ ക്രോം എക്സ്റ്റൻഷൻ ഉപകാരപ്പെടുന്നത്.
നിലവിലുള്ള ബ്രൗസർ വിൻഡോയിലെ എല്ലാ ഓപ്പൺ ടാബുകളിലും ഒരേസമയം തിരച്ചിൽ നടത്താൻ ഈ എക്സ്റ്റൻഷന് സാധിക്കും. ക്രോം വെബ് സ്റ്റോറിൽ നിന്നും ഇത് ഇൻസ്റ്റാൾ ചെയ്ത ശേഷം ടൂൾബാറിൽ പിൻ ചെയ്ത് കീബോർഡ് ഷോർട്ട്കട്ട് സെറ്റ് ചെയ്യാവുന്നതാണ്.
വിൻഡോസ്, ലിനക്സ്, ക്രോംഒഎസ് എന്നിവയിൽ സാധാരണയായി Ctrl + Shift + F ആണ് ഇതിന്റെ ഡിഫോൾട്ട് ഷോർട്ട്കട്ട്. ക്രോമിലെ എക്സ്റ്റൻഷൻസ് ഐക്കൺ ക്ലിക്ക് ചെയ്ത് Ctrl-F Plus പിൻ ചെയ്ത ശേഷം ത്രീ-ഡോട്ട് മെനുവിൽ പോയി ‘Set Keyboard Shortcut’ വഴി ഇത് സജ്ജീകരിക്കാം.
ഈ ഷോർട്ട്കട്ട് അമർത്തുമ്പോൾ തുറന്നുവന്ന സെർച്ച് ബാറിലൂടെ നിലവിലെ വിൻഡോയിലെ മുഴുവൻ ടാബുകളും ഒരേസമയം സ്കാൻ ചെയ്യപ്പെടുന്നു. ഒരേസമയം ഇരുപതോ മുപ്പതോ ടാബുകൾ തുറന്ന് ജോലി ചെയ്യുന്നവർക്ക് ഇത് വലിയൊരാശ്വാസമാണ്.
ഒരു ടാബിൽ ഉൽപ്പന്നത്തിന്റെ സ്പെസിഫിക്കേഷനും മറ്റൊന്നിൽ ഒഫീഷ്യൽ ഡോക്യുമെന്റേഷനും വേറെ ചിലതിൽ റിവ്യൂകളും ഫോറം ചർച്ചകളും ഒക്കെയായി കിടക്കുമ്പോൾ ഈ എക്സ്റ്റൻഷൻ ഉപയോഗിച്ച് സെക്കൻഡുകൾക്കകം കാര്യം സാധിക്കാം. ഓരോ ടാബിലും മാറിമാറി കയറി Ctrl + F അടിച്ചു നോക്കേണ്ട
ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാകുന്നു. ലേഖനങ്ങൾ തയ്യാറാക്കുന്നതിനൊപ്പം ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോഴും യാത്രകൾ പ്ലാൻ ചെയ്യുമ്പോഴും ഈ ടൂൾ വളരെ ഉപകാരപ്രദമാണ്.
ലാപ്ടോപ്പുകളോ ഫോണുകളോ മറ്റ് ഗാഡ്ജെറ്റുകളോ താരതമ്യം ചെയ്യുമ്പോൾ ഒരേസമയം നിരവധി ഷോപ്പിംഗ് സൈറ്റുകൾ തുറന്നിടാറുണ്ട്. 512GB സ്റ്റോറേജ് അല്ലെങ്കിൽ പ്രത്യേക വിലയുള്ളത് ഏതൊക്കെ റീട്ടെയിലർമാരുടെ സൈറ്റിലാണെന്ന് ഓരോന്നായി തുറന്നു നോക്കാതെ ഒറ്റയടിക്ക് കണ്ടെത്താൻ ഇതിലൂടെ സാധിക്കും.
ഹോട്ടൽ ലിസ്റ്റിംഗുകളും ട്രാവൽ ഗൈഡുകളും പരിശോധിക്കുമ്പോൾ സൗജന്യ കാൻസലേഷൻ അല്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റ് ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ വേഗത്തിൽ കണ്ടെത്താൻ ഈ എക്സ്റ്റൻഷൻ സഹായിക്കുന്നു. ബ്രൗസറിൽ നിരവധി ടാബുകൾ തുറന്നുവെക്കുന്ന ശീലമുള്ളവർക്ക് തങ്ങൾ വായിച്ച വിവരങ്ങൾ ഏത് പേജിലാണെന്ന് ഓർത്തു വെക്കേണ്ട
ടെൻഷൻ ഇതോടെ ഒഴിവാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

