കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരവേദിയിൽ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS) ക്യാമറകൾ സ്ഥാപിച്ച് ഡൽഹി പൊലീസ്. സമരത്തിലേക്ക് സാമൂഹിക വിരുദ്ധരും ക്രിമിനൽ പശ്ചാത്തലമുള്ളവരും നുഴഞ്ഞുകയറുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ വിഭാഗത്തിന്റെ ഈ നടപടി.
പ്രതിഷേധ സ്ഥലങ്ങളിലേക്കുള്ള വഴികളിലും ആളുകൾ പുറത്തേക്ക് പോകുന്ന കവാടങ്ങൾക്ക് സമീപത്തുമാണ് ഇത്തരം നിരീക്ഷണ ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നത്. “ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പ്രതിഷേധത്തെ മറയാക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം” എന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വളരെ ദൂരത്ത് നിന്നുപോലും വലിയ ആൾക്കൂട്ടത്തിനിടയിലൂടെ വ്യക്തികളുടെ മുഖം വ്യക്തമായി പകർത്താൻ സാധിക്കുന്ന അത്യാധുനിക ഉയർന്ന റെസല്യൂഷൻ സാങ്കേതികവിദ്യയാണ് ഈ ക്യാമറകളിലുള്ളത്. ദൃശ്യങ്ങൾ പകർത്തിയ ഉടൻ തന്നെ പൊലീസിന്റെ ഔദ്യോഗിക ഡേറ്റാബേസുമായി ഒത്തുനോക്കി കുറ്റവാളികളെ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും.
സമരത്തിനിടയിൽ മുൻപ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ആരെെയെങ്കിലും കണ്ടെത്തിയാൽ ആ വിവരങ്ങൾ തൽക്ഷണം അവിടെയുള്ള പൊലീസ് യൂണിറ്റിന് കൈമാറപ്പെടും. എന്നാൽ പ്രതിഷേധ ഭൂമിയിൽ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം നടപ്പിലാക്കിയതിനെതിരെ സിജെപി രംഗത്തുവന്നു.
ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്നും സമരക്കാരുടെ ബയോമെട്രിക് ഡേറ്റ ശേഖരിക്കുന്നു എന്ന ഗുരുതരമായ ആശങ്കയുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. പ്രതിഷേധ സ്ഥലം ഒരിക്കലും ഒരു ഡിജിറ്റൽ ജയിൽ അല്ലെന്നാണ് സിജെപിയുടെ വാദം.
സ്വകാര്യത എന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും, ഭരണഘടന ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കുന്നവരെ ഇത്തരത്തിൽ സ്കാൻ ചെയ്യുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും അവർ എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

