ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടി ട്വിഷ ശർമയുടെ മൃതദേഹം രണ്ടാമതും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കരിച്ചു. മേയ് 12നാണ് ട്വിഷയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി എയിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം വീണ്ടും പരിശോധന നടത്താൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.
തുടർന്ന് നടന്ന നടപടികൾക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കേസ് പശ്ചാത്തലം
അഭിഭാഷകനായ സമർഥ് സിങ്ങും ട്വിഷയും തമ്മിലുള്ള വിവാഹം 2025 ഡിസംബറിലാണ് നടന്നത്.
2024ൽ ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരിൽ സമർഥ് സിങ്ങും കുടുംബവും ട്വിഷയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ട്വിഷയുടെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. “താൻ കുടുങ്ങിപ്പോയെന്നും തന്നെ രക്ഷിക്കുമോ” എന്നും അമ്മയ്ക്ക് അയച്ച അവസാന സന്ദേശത്തിൽ ട്വിഷ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് കഴിഞ്ഞദിവസം അധികൃതർക്ക് മുന്നിൽ കീഴടങ്ങി.

