രാജസ്ഥാനിലെ ജയ്പൂരിൽ ഗാർഹിക പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രാജസ്ഥാൻ പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ഗൗതം മീണയുടെ ഭാര്യ അനു (36) ആണ് ഏപ്രിൽ 7-ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഭർത്താവ് ഗൗതം മീണയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സംഭവത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്.
ഹാളിലിരുന്ന് കരയുന്ന അനുവിനെ ഭർത്താവ് അസഭ്യം പറയുന്നതും ടിവി തല്ലിത്തകർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മകൻ നിസ്സഹായനായി നോക്കിനിൽക്കെ ഗൗതം മീണ ഭാര്യയെ മൃഗീയമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഈ സംഭവത്തിന് ദിവസങ്ങൾക്കുള്ളിലാണ് അനു മരണപ്പെട്ടത്. പിതാവ് അമ്മയെ നിരന്തരം മർദിക്കാറുണ്ടെന്ന് ഇവരുടെ മകൾ മൊഴി നൽകി.
‘അച്ഛൻ പലപ്പോഴും മദ്യപിച്ചാണ് വീട്ടിൽ വരുന്നത്. അമ്മ എപ്പോഴും മിണ്ടാതിരിക്കുമായിരുന്നു.
എങ്കിലും അച്ഛൻ അമ്മയെ ഉപദ്രവിക്കുമായിരുന്നു’ എന്ന് മകൾ വ്യക്തമാക്കി. കൂടാതെ, അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായപ്പോൾ സഹായിക്കാൻ ശ്രമിച്ചത് അച്ഛൻ തടഞ്ഞതായി മകനും വെളിപ്പെടുത്തിയിട്ടുണ്ട്.
2015-ൽ വിവാഹിതരായ ഇവർക്കിടയിൽ സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ നിലനിന്നിരുന്നതായി യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഗൗതം കൂടുതൽ പണം ആവശ്യപ്പെട്ട് അനുവിനെ ഉപദ്രവിക്കാൻ തുടങ്ങിയിരുന്നതായി സഹോദരൻ വെളിപ്പെടുത്തി.
‘ഒരു ദിവസ രാത്രി സഹോദരിയും കുട്ടികളും ഞങ്ങളുടെ വീട്ടിൽ വന്നു. രണ്ടു മൂന്നു ദിവസം ഇവിടെ താമസിച്ചു.
ഗൗതം മദ്യപിച്ച് വീട്ടിൽ വന്ന് നിരന്തരം ഉപദ്രവിക്കുന്നുവെന്നും എല്ലാ കുറ്റങ്ങളും തന്റെ മേൽ ചാർത്തുന്നുവെന്നും സഹോദരി പറഞ്ഞിരുന്നു’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

