ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആര്‍സിബി) 16,700 കോടി രൂപയ്ക്ക് ആദിത്യ ബിർള ഗ്രൂപ്പും സംഘവും സ്വന്തമാക്കിയ വാർത്തയ്ക്ക് പിന്നാലെ കായിക ലോകം ഉറ്റുനോക്കുന്നത് ടീമിന്റെ പുതിയ ചെയർമാൻ ആര്യമൻ വിക്രം ബിർളയിലേക്കാണ്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകനായ ആര്യമാൻ വെറുമൊരു വ്യവസായി മാത്രമല്ല, പ്രൊഫഷണൽ ക്രിക്കറ്റര്‍ കൂടിയാണ്.
മുൻപ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്നു ആര്യമാൻ ബിർള. 2018-ലെ ഐപിഎല്‍ മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ ആര്യമാന് ബിര്‍ളയെ ടീമിലെടുത്തത്.
മലയാളി താരം സഞ്ജു സാംസണൊപ്പം രാജസ്ഥാനില്‍ ആര്യമാന് ഡ്രസ്സിംഗ് റൂം പങ്കിട്ടുണ്ട്. ചില മത്സരങ്ങളില്‍ പകരക്കാരന് ഫീല്‍ഡറായി ഇറങ്ങിയതൊഴിച്ചാല്‍ ആര്യമാന് ആദ്യ സീസണില്‍ പ്ലേയിംഗ് ഇലവനില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല.
2020 സീസണിന് മുന്നോടിയായി രാജസ്ഥാന് ആര്യമാനെ റിലീസ് ചെയ്തു. മധ്യപ്രദേശിന് വേണ്ടിയാണ് ആര്യമൻ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ളത്.
നിലവിൽ ആർസിബി താരമായ രജത് പാട്ടിദാർ, കെകെആർ താരം വെങ്കിടേഷ് അയ്യർ എന്നിവരുടെ സഹതാരം കൂടിയായിരുന്നു ആര്യമാന് ബിര്‍ള. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 2017-ൽ ഒഡീഷയ്ക്കെതിരെ അരങ്ങേറിയ ആര്യമാന് 9 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും ഉൾപ്പെടെ 414 റൺസും 3 ഏകദിന മത്സരങ്ങളിൽ നിന്ന് 36 റൺസും മാത്രമാണ് നേടിയത്.
എന്നിട്ടും ആര്യമാനെ ഐപിഎല്‍ മെഗാ താരലേലത്തില്‍ രാജസ്ഥാന് 30 ലക്ഷം രൂപക്ക സ്വന്തമാക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. മാനസിക സമ്മര്‍ദ്ധവും കടുത്ത ഉത്കണ്ഠയും കാരണം 2019ല്‍ ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത ഇടവേളയെടുത്ത ആര്യമാന് പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു.
2019ല്‍ ഒരു ട്വീറ്റിലൂടെയാണ് ആര്യമാന് ക്രിക്കറ്റില്‍ നിന്ന് ഇടവേളടെുക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്. ശരിയായ സമയത്ത് ക്രിക്കറ്റില്‍ തിരിച്ചെത്തുമെന്ന് ആര്യമാന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രഫഷണല്‍ ക്രിക്കറ്റില്‍ ആര്യമാന് കളിച്ചില്ല.
2023 ഫെബ്രുവരിയില്‍ ആര്യമാനെയും സഹോദരി അനന്യ ബിര്‍ളയെയും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍മാരായി നിയമിച്ചിരുന്നു. ARYAMAN BIRLA – THE NEW CHAIRMAN OF RCB pic.twitter.com/B5nWQ96uSf — Tanuj (@ImTanujSingh) March 25, 2026 ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം ആര്‍സിബിയുടെ പുതിയ ഉടമകളായതോടെ ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടർ കൂടിയായ ആര്യമാൻ ഇനി ആർസിബിയുടെ ചെയർമാൻ കൂടിയായിട്ടാണ് പ്രവർത്തിക്കുക.
ടൈംസ് ഗ്രൂപ്പിലെ സത്യൻ ഗജ്വാനിയാണ് വൈസ് ചെയർമാൻ. ഒരു മുൻ താരം തന്നെ ടീമിനെ നയിക്കാൻ എത്തുന്നത് ആർസിബിയുടെ ഭാവി തീരുമാനങ്ങളിൽ നിർണായകമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

