
.news-body p a {width: auto;float: none;}
മുംബയ്: അപ്രതീക്ഷിതമായി മുടി കൊഴിഞ്ഞുപോകുന്നതിന്റെ ആഘാതത്തിലായിരുന്നു കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തെ ഒരു ജില്ലക്കാർ മുഴുവൻ. മഹാരാഷ്ട്ര ബുൽധാന ജില്ലയിലെ ബോണ്ട്ഗാവ്, കൽവാഡ്, ഹിൻഗ്ന തുടങ്ങിയ ഗ്രാമത്തിലെ ജനങ്ങളാണ് ദുരിതം അനുഭവിച്ചുകൊണ്ടിരുന്നത്. ആൺ പെൺ വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലെ പകുതിയിൽ കൂടുതൽ പേരും ഈ അവസ്ഥയുടെ പിടിയിലായിരുന്നു. ഈ അത്യപൂർവ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു അധികൃതർ. ഇപ്പോഴിതാ അപ്രതീക്ഷിതമായി മുടി നഷ്ടമാകുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് പത്മശ്രീ ഡോ. ഹിമന്ത് റാവു ബവാസ്കർ.
ഗ്രാമത്തിലെ ജനങ്ങൾ കഴിക്കുന്ന ഗോതമ്പിലെ വിഷഘടകങ്ങളായിരിക്കാം അപ്രതീക്ഷിത മുടികൊഴിച്ചിലിന് കാരണമാകുന്നതെന്നാണ് ഡോ. ബവാസ്കറിന്റെ പഠനത്തിൽ വ്യക്തമാക്കുന്നത്. പൊതുവിതരണ സംവിധാനത്തിലൂടെ (പബ്ളിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) നൽകുന്ന ഗോതമ്പാണ് ഗ്രാമവാസികൾ ഉപയോഗിച്ചിരുന്നത്. ഇതിൽ സെലേനിയത്തിന്റെ അളവ് കൂടുതലാണെന്നാണ് ഡോ.ബവാസ്കറിന്റെ പഠനത്തിൽ വ്യക്തമാക്കുന്നത്. മാത്രമല്ല ഗോതമ്പിൽ സിങ്കിന്റെ അളവ് ഗണ്യമായി കുറവാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒരു മാസം നീണ്ട പഠനത്തിനൊടുവിലാണ് കണ്ടെത്തൽ.
സാധാരണയായി ഗോതമ്പിൽ പ്രോട്ടീൻ (ഗ്ളൂട്ടൺ), ധാതുക്കളായ കോപ്പർ, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, അയൺ, വിറ്റാമിനുകൾ (ബി ഗ്രൂപ്പ്, ഇ), റൈബോഫ്ളാവിൻ, നിയാസിൻ, തിയാമിൻ, ഡയറ്ററി ഫൈബർ എന്നിവയാണ് അടങ്ങിയിട്ടുള്ളത്. അതേസമയം, ഗോതമ്പ് മാവിൽ 75 ശതമാനംവരെ സ്റ്റാർച്ച്, 14 ശതമാനംവരെ വെള്ളം, 12 ശതമാനംവരെ അളവിൽ പ്രോട്ടീൻ എന്നിവയാണ് അടങ്ങിയിട്ടുള്ളത്. കുറഞ്ഞ അളവിൽ നോൺ സ്റ്റാർച്ച് പോളിസാക്കറൈഡുകളും അരാബിനോസൈലൻസ്, ലിപിഡ് എന്നിവയും കുറഞ്ഞ അളവിൽ അടങ്ങിട്ടുണ്ട്.
പ്രാദേശികമായി കൃഷി ചെയ്യുന്ന ഗോതമ്പിനേക്കാൾ 600 മടങ്ങ് സെലേനിയം ആണ് പൊതുവിതരണ കേന്ദ്രം വഴി വിതരണം ചെയ്യുന്ന ഗോതമ്പിൽ കാണപ്പെട്ടതെന്നാണ് ബവാസ്കറു ടെ പഠനത്തിൽ കണ്ടെത്തിയത്. അമിത അളവിൽ സെലേനിയത്തിന്റെ ഉപഭോഗമായിരിക്കാം അലോപേസിയയ്ക്ക് (മുടികൊഴിച്ചിൽ) കാരണമായത്. ഈ രോഗാവസ്ഥ വളരെവേഗം വികസിക്കുന്ന ഒന്നാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി മൂന്നോ നാലോ ദിവസത്തിനുള്ളിൽ തന്നെ മുടി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയാണിതെന്നും പഠനത്തിൽ വ്യക്തമക്കുന്നു. താനെയിലെ വെർണി അനാലിറ്റിക്കൽ ലാബിലാണ് ഗോതമ്പിന്റെ പരിശോധന നടത്തിയത്. പരിശോധനയിൽ ഗോതമ്പിൽ കിലോയിൽ 14.52 മില്ലിഗ്രാം സെലേനിയം ആണ് കണ്ടെത്തിയത്. സാധാരണയായി ഒരു കിലോ ഗോതമ്പിൽ 1.9 മില്ലി ഗ്രാം സെലേനിയം ആണ് കാണാറുള്ളത്. ഈ ഗോതമ്പ് പഞ്ചാബിൽ നിന്നാണ് എത്തുന്നതെന്നും ഡോക്ടർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രക്തം, മൂത്രം, മുടി എന്നിവയുടെ പരിശോധനയിൽ 35 മടങ്ങ്, 60 മടങ്ങ്, 150 മടങ്ങ് എന്നിങ്ങനെയാണ് സെലേനിയത്തിന്റെ അളവ് കണ്ടെത്തിയത്. സെലേനിയത്തിന്റെ ഉയർന്ന അളവാണ് രോഗാവസ്ഥയുടെ കാരണമെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. മാത്രമല്ല, രോഗബാധയേറ്റവരുടെ ശരീരത്തിൽ സിങ്കിന്റെ അളവ് കുറവാണെന്നും കണ്ടെത്തിയെന്നും ഡോ. ബവാസ്കർ പറഞ്ഞു. അതേസമയം, റിപ്പോർട്ട് ഇതുവരെ അധികൃതർക്ക് സമർപ്പിച്ചിട്ടില്ല. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിൽ (ഐസിഎംആർ) നിന്നുള്ള പരിശോധനയ്ക്കായി പ്രദേശത്ത് നിന്ന് വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഐസിഎംആറിന്റെ പരിശോനയിലും രോഗികളിൽ സെലേനിയത്തിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇതിന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചെങ്കിലും വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.
2024 ഡിസംബറിനും ജനുവരിക്കുമിടയിൽ 18 ഗ്രാമങ്ങളിലായി 300ൽ അധികം പേരാണ് രോഗബാധിതരായത്. ഇരകളിൽ കൂടുതൽ പേർക്കും മുടി പൂർണമായും നഷ്ടമായി. എട്ട് വയസിനും 72 വയസിനും ഇടയിൽ പ്രായമുള്ളരാണ് രോഗബാധിതർ. ആദ്യം ഒന്നോ രണ്ടോ പേരിൽ മാത്രം കണ്ടുതുടങ്ങിയ അവസ്ഥ പൊടുന്നനെ വ്യാപകമാവുകയായിരുന്നു. ആദ്യം ചെറിയ രീതിയിലാണ് കൊഴിച്ചിൽ തുടങ്ങുന്നത്. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ മുടി പൂർണമായും നഷ്ടമാകുന്നു. മുടികൊഴിച്ചിൽ കൂടുതൽപ്പേരിൽ റിപ്പോർട്ടുചെയ്തതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. ചിലരുടെ താടിയും മീശയും പുരികങ്ങളും ഉൾപ്പെടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലെ രോമങ്ങളും കൊഴിഞ്ഞുപോയി. മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവരെ പരിശോധിച്ചപ്പോൾ തലയോട്ടിയിലെ ചർമ്മത്തിൽ ചെറിയ രീതിയിൽ ഫംഗസ് ബാധയും കണ്ടെത്തിയിരുന്നു.