കൊച്ചി നഗരത്തിൽ രാസലഹരി കടത്തിയ വാഹനം പിന്തുടർന്ന ഡാൻസാഫ് ഉദ്യോഗസ്ഥരെ കാർ ഡ്രൈവർ ഇടിച്ചുവീഴ്ത്തി. മൂത്തകുന്നം സ്വദേശിയായ പ്രതീക് പ്രഭാകരൻ ആണ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
സംഭവസ്ഥലത്തുനിന്ന് പോലീസ് പിടികൂടിയ വാഹനത്തിൽ നിന്നും 32 ഗ്രാം രാസലഹരി വസ്തുക്കൾ കണ്ടെടുത്തു. ഇന്ന് രാവിലെയാണ് കാറിൽ ലഹരിവസ്തുക്കൾ കടത്തുന്നതായി എറണാകുളം ഡാൻസാഫ് സംഘത്തിന് രഹസ്യ വിവരം ലഭിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പ്രതിയുടെ കാർ പാഞ്ഞത്. എറണാകുളം മൂത്തകുന്നം സ്വദേശിയായ പ്രതീക് പ്രഭാകരൻ വാടകയ്ക്ക് എടുത്ത കാറിലാണ് ലഹരി കടത്തിയത്.
സംശയകരമായ സാഹചര്യത്തിൽ കടന്നുകളഞ്ഞ വാഹനത്തെ ഉദ്യോഗസ്ഥർ ബൈക്കിൽ പിന്തുടരുകയായിരുന്നു. വാഹനം എളമക്കര സ്റ്റേഷനടുത്തുകൂടി പോകുന്നതായി മനസ്സിലാക്കി ഉദ്യോഗസ്ഥർ മറ്റ് സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി.
തുടർന്ന് എളമക്കര സ്റ്റേഷനിലെ പോലീസുകാർ റോഡിൽ ബാരിക്കേഡുകൾ വെച്ച് വഴി തടഞ്ഞു. പോലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രതി അതിവേഗത്തിൽ കാർ പിന്നിലേക്ക് (റിവേഴ്സ്) എടുക്കുകയായിരുന്നു.
ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥരെ ഇയാൾ ഇടിച്ചു തെറിപ്പിച്ചു. റോഡിലേക്ക് വീണ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
വാഹനം വീണ്ടും പിന്നോട്ടെടുക്കാൻ ശ്രമിക്കവെ മറ്റൊരു സ്കൂട്ടറിലും ഈ കാർ ഇടിച്ചു. ഒടുവിൽ പോലീസ് സംഘം വാഹനം പൂർണ്ണമായി വളഞ്ഞു പ്രതിയെ ബലമായി പുറത്തേക്ക് വലിച്ചിടുകയായിരുന്നു.
കീഴടക്കുന്നതിനിടയിലും പോലീസുകാരുടെ പിടിയിൽ നിന്ന് കുതറിമാറി ഓടാൻ പ്രതി ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 32 ഗ്രാം എം.ഡി.എം.എ എന്ന് സംശയിക്കുന്ന ലഹരിവസ്തു കണ്ടെടുത്തത്.
സ്വകാര്യ കൊറിയർ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്ന പ്രതി, ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ വാഹനം വാടകയ്ക്ക് എടുത്തത്. എവിടെ നിന്നാണ് ഈ ലഹരിവസ്തുക്കൾ എത്തിച്ചത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷണത്തിലാണ്.
അതേസമയം, വാഹനം ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് റോഡിൽ വീണ് പരിക്കേറ്റ ഉദ്യോഗസ്ഥരുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

