ഇടുക്കി: വണ്ടിപ്പെരിയാറിൽ രണ്ട് സഹോദരിമാർ രണ്ട് മാസമായി പഠിക്കുന്നത് മെഴുകുതിരി വെളിച്ചത്തിൽ. വീട്ടിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി പോസ്റ്റ് സ്ഥാപിക്കാൻ തേയിലത്തോട്ടം മാനേജ്മെൻ്റ് അനുമതി നിഷേധിച്ചതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
ഓട്ടോറിക്ഷാ തൊഴിലാളിയായ മോഹൻ്റെ മക്കളായ അഞ്ചാം ക്ലാസുകാരി ഹാഷിനിയും ഒന്നാം ക്ലാസുകാരി ഹർഷിനിയുമാണ് അധികൃതരുടെ കടുംപിടുത്തം മൂലം ഇരുട്ടിൽ കഴിയുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഇവരുടെ പഠനമുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണ്. 25 വർഷം മുൻപ് ആർബിടി കമ്പനി, മോഹൻ്റെ പിതാവ് വിജയന് നൽകിയ 10 സെൻ്റ് സ്ഥലത്താണ് ഈ കുടുംബം താമസിക്കുന്നത്.
സമീപത്തെ ക്ലബ്ബിൽ നിന്നായിരുന്നു ഇവർക്ക് വൈദ്യുതി ലഭിച്ചിരുന്നത്. ഇതിനായി സ്ഥാപിച്ച തടി പോസ്റ്റുകൾ കാലപ്പഴക്കത്താൽ നശിച്ചതോടെ വീട്ടിലെ വെളിച്ചം നിലച്ചു.
തുടർന്ന് പുതിയ കണക്ഷനായി അപേക്ഷിച്ച് വയറിംഗ് ഉൾപ്പെടെ പൂർത്തിയാക്കി. കെഎസ്ഇബി നടപടികൾ സ്വീകരിച്ചെങ്കിലും, സ്ഥലം തങ്ങളുടേതാണെന്ന് കാണിച്ച് തോട്ടം മാനേജ്മെൻ്റ് രംഗത്തെത്തിയതോടെ പഞ്ചായത്ത് അനുമതി റദ്ദാക്കി.
തങ്ങളുടെ ഭൂമിയിൽ പോസ്റ്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും മാനേജ്മെൻ്റ് കെഎസ്ഇബിയെ അറിയിച്ചു. കറന്റില്ലാത്തത് കുട്ടികളുടെ പഠനത്തെ മാത്രമല്ല, കുടിവെള്ളം പമ്പ് ചെയ്യുന്നതിനെയും ബാധിച്ചു.
പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കുട്ടികളോടൊപ്പം സബ് കളക്ടറെ കണ്ട് നിവേദനം നൽകിയ കുടുംബം, വരും ദിവസങ്ങളിൽ ജില്ലാ കളക്ടറെയും സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]