ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നവർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കർശന മുന്നറിയിപ്പുമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി). മെട്രോ ട്രെയിനുകൾക്കുള്ളിൽ വീഡിയോ ചിത്രീകരണം പൂർണ്ണമായും നിരോധിച്ചു.
ഈ നിയമം ലംഘിക്കുന്നവർ പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രെയിനുകളിലും സ്റ്റേഷനുകളിലും റീലുകളും ഡാൻസ് വീഡിയോകളും ചിത്രീകരിക്കുന്നത് വർധിച്ചുവന്ന സാഹചര്യത്തിലാണ് ഡിഎംആർസിയുടെ പുതിയ നടപടി.
അടുത്ത കാലത്തായി സോഷ്യൽ മീഡിയ കണ്ടന്റ് നിർമ്മാതാക്കളുടെ പ്രധാന ലൊക്കേഷനുകളിലൊന്നായി ഡൽഹി മെട്രോ മാറിയിരുന്നു. ഇൻസ്റ്റഗ്രാം റീലുകളും യൂട്യൂബ് വീഡിയോകളും ചിത്രീകരിക്കാൻ നിരവധി പേരാണ് യാത്രാസമയത്ത് മെട്രോയെ ആശ്രയിച്ചിരുന്നത്.
തിരക്കേറിയ കോച്ചുകളിലെ നൃത്തവും പ്ലാറ്റ്ഫോമുകളിലെ പ്രകടനങ്ങളും ഉൾപ്പെടെയുള്ള വീഡിയോകൾക്ക് വലിയ കാഴ്ചക്കാരെ ലഭിച്ചിരുന്നു. എന്നാൽ ഇത് മറ്റ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും സുരക്ഷാ ഭീഷണിയുയർത്തുന്നതായും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
ഡിഎംആർസി ഇതാദ്യമായല്ല വീഡിയോ ചിത്രീകരണത്തിനെതിരെ മുന്നറിയിപ്പ് നൽകുന്നത്. മെട്രോ ഒരു പൊതുഗതാഗത സംവിധാനമാണെന്നും ഷൂട്ടിംഗ് ലൊക്കേഷനല്ലെന്നും മുൻപും അധികൃതർ ഓർമ്മിപ്പിച്ചിരുന്നു.
എന്നാൽ ഈ നിർദ്ദേശങ്ങൾ അവഗണിച്ച് റീൽ ചിത്രീകരണം വ്യാപകമായതോടെയും യാത്രക്കാരുടെ പരാതികൾ വർധിച്ചതോടെയുമാണ് നടപടി കർശനമാക്കാൻ ഡിഎംആർസി തീരുമാനിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് പ്രഥമ പരിഗണനയെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.
മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്നും ഡിഎംആർസി കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനും തടയാനും സ്റ്റേഷനുകളിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും മറ്റ് സുരക്ഷാ ജീവനക്കാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]