
ദൈനംദിന ജോലികളിൽ എ ഐ ഉപയോഗിക്കാൻ തങ്ങളുടെ ജീവനക്കാരോട് ആവശ്യപ്പെട്ട് ടെക് ഭീമനായ ഗൂഗിൾ. അല്ലെങ്കിൽ കടുത്തമത്സരത്തിൽ, കമ്പനി എതിരാളികളേക്കാൾ പിന്നോക്കം പോകുമെന്നാണ് മുന്നറിയിപ്പ്.
അതിനാൽ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താൻ നിരന്തരം എ ഐ ഉപയോഗിക്കാൻ കമ്പനി ആവശ്യപ്പെട്ടതായി ബിസിനസ് ഇൻസൈഡറിനെ ഉദ്ദരിച്ച് ഇന്ത്യാ ടു ഡേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ഓൾ-ഹാൻഡ്സ് മീറ്റിംഗിൽ എതിരാളികൾ എ ഐയുമായി മുന്നോട്ട് പോകുകയാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ ഗൂഗിൾ പിന്നോട്ട് പോകേണ്ടിവരുമെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചൈ വ്യക്തമാക്കിയിരുന്നു.
എ ഐ വഴി കാര്യക്ഷമത വർദ്ധിപ്പിക്കുന്നവർ മാത്രമേ മത്സരക്ഷമത നിലനിർത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കമ്പനി എ ഐ ഡിവൈസുകൾ പുറത്തിറക്കിയതിനുശേഷം എഞ്ചിനീയർമാരുടെ ആഴ്ചതോറുമുള്ള ഉൽപ്പാദനക്ഷമത സമയം ഇതിനകം 10 ശതമാനം വർദ്ധിച്ചതായി കാണിക്കുന്ന ഡാറ്റകളും സുന്ദർ പിച്ചൈ മീറ്റിംഗിൽ എടുത്തുകാണിച്ചിരുന്നു.
അതേസമയം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം സംബന്ധിച്ച് മറ്റ് ടെക് സ്ഥാപനങ്ങളും സമാനമായ സന്ദേശങ്ങൾ ജീവനക്കാർക്ക് നൽകിത്തുടങ്ങിയിട്ടുണ്ട്. എ ഐ ഉപയോഗിക്കുന്നത് ഇനി ഓപ്ഷണൽ അല്ല എന്ന് ജൂണിൽ മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാരോട് പറഞ്ഞിരുന്നു.
എ ഐയുടെ പ്രധാന്യത്തെക്കുറിച്ച് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസി ജീവനക്കാർക്ക് കത്തെഴുതി. എ ഐ ഏജന്റുമാർ കൂടുതൽ ജോലികൾ കൈകാര്യം ചെയ്യുന്നതിനാൽ കോർപ്പറേറ്റ് ജീവനക്കാരുടെ എണ്ണം കുറയുമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.
മെറ്റയുടെ ചീഫ് ടെക്നോളജി ഓഫീസറും ഇതേ കാര്യം തന്നെയാണ് ആവർത്തിച്ചത്. എ ഐ ടൂളുകൾ നിങ്ങളെ മാറ്റിസ്ഥാപിക്കുന്നത് ഒഴിവാക്കാൻ കഴിയുന്നത്ര നന്നായി ജോലി ചെയ്യാൻ അദ്ദേഹം അടുത്തിടെ ജീവനക്കാരോട് പറഞ്ഞു.
അതേസമയം ഡെവലപ്പർമാരോട് എ ഐ സ്വീകരിക്കാനോ അല്ലെങ്കിൽ കരിയർ ഉപേക്ഷിക്കാനോ ആണ് ഗിറ്റ്ഹബ്ബിന്റെ സി ഇ ഒ തോമസ് ഡോംകെയുടെ മുന്നറിയിപ്പ്. അടുത്ത രണ്ടോ അഞ്ചോ വർഷത്തിനുള്ളിൽ എല്ലാ കോഡുകളുടെയും 90 ശതമാനവും എ ഐ എഴുതുമെന്നാണ് ഡോംകെ വ്യക്തമാക്കുന്നത്.
ഗൂഗിളിൽ ഇൻ-ഹൗസ് എ ഐ ടൂളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. സോഫ്റ്റ്വെയർ എഞ്ചിനീയറിംഗിൽ എ ഐ ഉൾപ്പെടുത്താൻ കമ്പനി കഠിനമായി പരിശ്രമിക്കുകയാണെന്ന് ഗൂഗിളിന്റെ മുൻനിര ഉൽപ്പന്നങ്ങൾക്ക് അടിത്തറയിടുന്ന ടീമുകളെ നയിക്കുന്ന ബ്രയാൻ സലുസോ പറഞ്ഞു.
‘AI Savvy Google’ എന്ന ആന്തരിക സംരംഭവും Cider എന്ന കോഡിംഗ് അസിസ്റ്റന്റും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ടൂളുകൾ കോഴ്സുകൾ, ടൂൾകിറ്റുകൾ, പരിശീലന സെഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഗൂഗിളിന്റെ ആന്തരിക എ ഐ ടൂളുകൾ ഇനിയും മെച്ചപ്പെടുമെന്നും താമസിയാതെ മിക്ക സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് ജോലികളുടെയും അവിഭാജ്യ ഘടകമായി അവ മാറുമെന്നും സലുസ്സോ ജീവനക്കാരോട് പറഞ്ഞു. അതേസമയം തങ്ങളുടെ എ ഐ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി ഗൂഗിൾ തന്ത്രപരമായ നിയമനങ്ങൾ നടത്തുന്നുണ്ട്.
ഈ മാസം ആദ്യം സ്റ്റാർട്ടപ്പായ വിൻഡ്സർഫിനെ ഗൂഗിൾ ഏറ്റെടുത്തു. 2.4 ബില്യൺ ഡോളറിന്റെ കരാറിൽ ആണ് ഈ ഏറ്റെടുക്കൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]