കൊച്ചി വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ പണവും സുപ്രധാന രേഖകളും നഷ്ടപ്പെട്ട പ്രവാസിക്ക് മോട്ടോർ വാഹന വകുപ്പിന്റെ സമയോചിത ഇടപെടലിലൂടെ ആശ്വാസം.
കാക്കനാട് സ്വദേശിയായ ഫിലിപ് ചെറിയാൻ (75) വെള്ളിയാഴ്ച രാത്രിയാണ് താൻ സഞ്ചരിച്ച വാഹനത്തിൽ പഴ്സ് മറന്നുവെച്ചത്. വിമാനത്താവളത്തിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട
വിവരം ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം കണ്ടെത്താൻ മാർഗങ്ങളില്ലാതെ വിഷമിച്ച വേളയിൽ, മുൻപരിചയമുള്ള എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിനെ ഫിലിപ് ചെറിയാൻ ഫോണിൽ ബന്ധപ്പെട്ടു.
ആ സമയത്ത് ഔദ്യോഗിക ആവശ്യത്തിനായി അമേരിക്കയിലായിരുന്ന ബിജു ഐസക്, ഉടൻ തന്നെ നാട്ടിലുള്ള മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.വിനോദ്കുമാറിന് നിർദ്ദേശം നൽകി. തുടർന്ന് എൻ.വിനോദ്കുമാർ നടത്തിയ വേഗത്തിലുള്ള അന്വേഷണത്തിനൊടുവിൽ ടാക്സി ഡ്രൈവറെ കണ്ടെത്തുകയും രാത്രി തന്നെ പഴ്സ് തിരികെ എത്തിക്കുകയുമായിരുന്നു.
പഴ്സിലുണ്ടായിരുന്ന പണവും രേഖകളും സുരക്ഷിതമായി തിരികെ ലഭിച്ചതിനെ തുടർന്ന്, കൃത്യനിർവഹണത്തിൽ കാണിച്ച ജാഗ്രതയ്ക്കും സഹായത്തിനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഫിലിപ് ചെറിയാൻ നന്ദി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

