രാജ്യത്തുടനീളം 100 വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്രസർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഭാരത് ഔദ്യോഗിക് വികാസ് യോജന (ഭവ്യ) എന്ന പേരിലറിയപ്പെടുന്ന ഈ പദ്ധതി, സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാക്കി സംരംഭങ്ങൾക്ക് ഉടൻ പ്രവർത്തനം തുടങ്ങാൻ സാധിക്കുന്ന ‘പ്ലഗ് ആൻഡ് പ്ലേ’ മാതൃകയിലാണ് പാർക്കുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായുള്ള മാർഗനിർദേശങ്ങൾ ഇതിനോടകം തന്നെ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
ഏകദേശം 33,360 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 50 വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും.
ഓരോ പാർക്കിനും 10 ഏക്കർ മുതൽ 1000 ഏക്കർ വരെ വിസ്തീർണം ഉണ്ടായിരിക്കും. പദ്ധതിക്കായി ആവശ്യമായ ഭൂമി കണ്ടെത്തി ഏറ്റെടുക്കേണ്ടത് അതത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്.
സാമ്പത്തിക സഹായവും നിബന്ധനകളും
കേന്ദ്ര സർക്കാർ ഏക്കറൊന്നിന് ഒരു കോടി രൂപ എന്ന നിരക്കിലാണ് സഹായം വാഗ്ദാനം ചെയ്യുന്നത്. ഭൂമി വില ഇതിലും കുറവാണെങ്കിൽ, കേന്ദ്ര സഹായവും അതിനനുസരിച്ച് കുറയും.
സ്വകാര്യ പങ്കാളിത്തത്തോടെയും സംസ്ഥാനങ്ങൾക്ക് പദ്ധതി നടപ്പാക്കാമെങ്കിലും അത്തരം സാഹചര്യങ്ങളിൽ കേന്ദ്ര സഹായത്തിൽ മാറ്റമുണ്ടാകും. പാർക്കുകൾക്കുള്ളിലെ ഗതാഗത സൗകര്യം, ഡ്രെയിനേജ്, ജലശുദ്ധീകരണ ശാലകൾ, വെയർ ഹൗസുകൾ, ടെസ്റ്റിങ് ലാബുകൾ, ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനായിരിക്കും ഫണ്ട് വിനിയോഗിക്കുക.
കൂടാതെ, പദ്ധതി പ്രദേശങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ കേന്ദ്ര സഹായത്തിന്റെ 25 ശതമാനം വരെ ഉപയോഗിക്കാനും അനുമതിയുണ്ട്. പിയൂഷ് ഗോയലിന്റെ നിർദ്ദേശങ്ങൾ
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഇക്കാര്യത്തിൽ വിശദമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിശദമായ പദ്ധതിരേഖ (DPR) സമർപ്പിക്കണം. ആദ്യ 20 പാർക്കുകൾക്കുള്ള അപേക്ഷകൾ രണ്ടു മാസത്തിനുള്ളിൽ സമർപ്പിക്കണം.
തുടർന്ന് 30 പാർക്കുകൾക്കായി അടുത്ത ഘട്ടത്തിൽ അപേക്ഷിക്കാം. നാലു മാസത്തിനുള്ളിൽ ആകെ 50 പാർക്കുകൾക്ക് അനുമതി നൽകാനാണ് ലക്ഷ്യമിടുന്നത്.
നേരത്തെ കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിക്ക് അനുമതി ലഭിച്ചിരുന്നു. ഈ പുതിയ പദ്ധതിയിൽ കേരളത്തിന് പുതിയ പാർക്കുകൾ ലഭിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

