തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ക്വറ്റയിൽ റെയിൽവേ ട്രാക്കിന് സമീപം നടന്ന ശക്തമായ ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 50 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സൈനികരുമായി സഞ്ചരിക്കുകയായിരുന്ന ട്രെയിനിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ടെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
മേയ് 24, 2026 ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ലക്ഷ്യസ്ഥാനത്തെത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയാണ് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ രണ്ട് ബോഗികൾ മറിഞ്ഞ് തീപിടിക്കുകയും പ്രദേശത്ത് കനത്ത പുക ഉയരുകയും ചെയ്തു. സ്ഫോടനസ്ഥലത്തിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ ബലൂചിസ്ഥാൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ മേഖലയിൽ വച്ച് 400 യാത്രക്കാരുമായി പെഷാവറിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടിക്കൊണ്ടുപോയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഉത്തരവാദിത്തം ഏറ്റെടുത്ത ആ സംഭവത്തിൽ, പാക്കിസ്ഥാൻ സുരക്ഷാ സേന 104 യാത്രക്കാരെ രക്ഷപ്പെടുത്തുകയും 16 പേരെ വധിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് കൃത്യം ഒരു വർഷം തികയുന്ന വേളയിലാണ് പുതിയ ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

