കൊച്ചി: നഗരത്തിൽ മോഷണം പോയ സ്കൂട്ടറുമായി സഞ്ചരിക്കുകയായിരുന്ന യുവതിയെയും കൗമാരക്കാരനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കാക്കനാട്-കളമശ്ശേരി ഭാഗത്തെ സീപോർട്ട് എയർപോർട്ട് റോഡിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ഒപ്പമുണ്ടായിരുന്ന പതിനേഴുകാരനെയും കണ്ട ഉദ്യോഗസ്ഥർ വാഹനം നിർത്താൻ നിർദ്ദേശിച്ചെങ്കിലും ഇവർ വെട്ടിച്ചു കടന്നുകളയുകയായിരുന്നു.
തുടർന്ന് അഞ്ചു കിലോമീറ്ററോളം പിന്തുടർന്നാണ് ഇവരെ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനത്തിന്റെ നമ്പർ പരിശോധിച്ചതിൽ അത് വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
തുടർന്ന് സ്കൂട്ടറിന്റെ എൻജിൻ നമ്പറും ചേസിസ് നമ്പറും അടിസ്ഥാനമാക്കി നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനം മോഷണം പോയതാണെന്ന് വ്യക്തമായത്. യഥാർത്ഥ ഉടമയെ ബന്ധപ്പെട്ടപ്പോൾ, കഴിഞ്ഞ ഫെബ്രുവരി 22-ന് എറണാകുളം കോൺവെന്റ് ജങ്ഷനിൽ വെച്ച് സ്കൂട്ടർ മോഷണം പോയതാണെന്നും, ഇതുസംബന്ധിച്ച് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.
പിടികൂടിയ സ്കൂട്ടറും പ്രതികളെയും തുടർനടപടികൾക്കായി കളമശ്ശേരി പോലീസിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

