
കോട്ടയം: ലോട്ടറി ഓഫീസുകൾ കേന്ദ്രീകരിച്ചു ടിക്കറ്റിന് കൃത്രിമ ക്ഷാമം ഉണ്ടാക്കി സാധാരണ വിൽപ്പനക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കാതെ വൻകിടക്കാർക്ക് ആവശ്യത്തിന് ടിക്കറ്റ് നൽകി കമ്മീഷൻ പറ്റുന്നതായി പരാതി. ഒരു കോടി എട്ടു ലക്ഷം ടിക്കറ്റാണ് ഓരോ നറുക്കെടുപ്പിനും സർക്കാർ അച്ചടിക്കുന്നത്. മുപ്പത് ലക്ഷവും അന്യ സംസ്ഥാനങ്ങളിലാണ് വിൽക്കുന്നത് .ഓണം ക്രിസ്മസ് ,പൂജ തുടങ്ങിയ വിശേഷ അവസരങ്ങളിൽ ബമ്പർ ടിക്കറ്റുകൾ ഇരട്ടി അടിക്കും.ഏജൻസികൾക്കാണ് ലോട്ടറി ഓഫീസിൽ നിന്നും ടിക്കറ്റ് നൽകുന്നത്.
കൂടുതൽ ടിക്കറ്റു വിൽക്കുന്ന വൻകിട ഏജൻസികൾക്ക് ഒന്നാം സമ്മാനമടക്കം ലഭിക്കാൻ സാദ്ധ്യത കൂടുതൽ . ഇക്കാരണത്താൽ വൻകിട ഏജൻസികൾ കൂടുതൽ ടിക്കറ്റ് വാങ്ങും .ചെറുകിട ഏജന്റന്മാർക്ക് ഇവരിൽ നിന്നേ ടിക്കറ്റ് ലഭിക്കൂ എന്നതിനാൽ സമ്മാനമടിച്ചാൽ പാതി കമ്മീഷനും നഷ്ടമാകും. താഴെ തട്ടിലുള്ള സാധാരണക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കണമെന്ന് ഏജന്റന്മാരുടെ സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും വൻകിടക്കാർക്കായി കമ്മീഷൻ പറ്റി ലോട്ടറി ഓഫീസ് ഉദ്യോഗസ്ഥർ കൃത്രിമ ടിക്കറ്റ് ക്ഷാമം ഉണ്ടാക്കുകയാണെന്നാണ് പരാതി.
ഓൺലൈൻ ലോട്ടറി വ്യാപാരം സജീവം
കേരളത്തിൽ ഓൺലൈൻ ലോട്ടറി വ്യാപാരം നിരോധിച്ചതായി സർക്കാർ പ്രഖ്യാപിക്കുമ്പോഴും പല വൻകിട ഏജൻസികളും ഓൺലൈൻ ലോട്ടറി വ്യാപാരം നടത്തുന്നു . പരാതി വ്യാപകമാകുമ്പോൾ പൊലീസ് കേസും ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കാറുണ്ടെങ്കിലും ഓൺലൈൻ ലോട്ടറി അവസാനിപ്പിക്കാൻകഴിഞ്ഞിട്ടില്ല. ടിക്കറ്റുകൾ സെറ്റായി വിൽക്കുക, ലോട്ടറി ചൂതാട്ടം തുടങ്ങിയ കുറ്റകൃത്യങ്ങൾ വൻ കിട ഏജൻസികൾ സ്ഥിരമായി നടത്തുന്നുണ്ടെങ്കിലും നടപടി എടുക്കാറില്ല .
ലോട്ടറി ഓഫീസുകളിലെ ടിക്കറ്റ് ക്ഷാമവും സാധാരണ വിൽപ്പനക്കാർക്ക് ടിക്കറ്റ് വിൽക്കാൻ കഴിയാതെ നഷ്ടത്തിലാകുന്ന വൈരുദ്ധ്യവും അവസാനിപ്പിക്കണം. അശാസ്ത്രീയമായ ടിക്കറ്റ് വിതരണവും സമ്മാനങ്ങളുടെ ലഭ്യത കുറവുമാണ് പ്രധാന പ്രശ്നം. വി. ബാലൻ ജനറൽ സെക്രട്ടറി ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി )മ