തിരുവനന്തപുരം: കഠിനംകുളത്ത് ക്ഷേത്രപൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ആതിരയെ ലൈംഗിക ബന്ധത്തിനിടെയാണ് പ്രതിയും കാമുകനുമായ ജോൺസൺ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ച് രക്ഷപ്പെടുകയായിരുന്നു. തന്നെ ഒഴിവാക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജോൺസന്റെ മൊഴിയിലുണ്ട്. എന്നാൽ സാമ്പത്തിക ഇടപാടും പൊലീസ് സംശയിക്കുന്നുണ്ട്.
വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെയാണ് (30) ചൊവ്വാഴ്ച രാവിലെ 11.30ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ക്ഷേത്രത്തിലെ പൂജാരി രാജീവാണ് ആതിരയുടെ ഭർത്താവ്. ജോൺസണെ ഇന്നലെ കോട്ടയം ചിങ്ങവനത്ത് നിന്ന് പിടികൂടിയിരുന്നു. പ്രതി ഈ സമയത്ത് വിഷം കഴിച്ചുവെന്ന് പറഞ്ഞതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കുശേഷം പ്രതിയെ കഠിനംകുളത്ത് എത്തിക്കും. അതിനുശേഷം വിശദമായി ചോദ്യം ചെയ്യും.
സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്ജിൽ നിന്നും പുറത്തിറങ്ങിയ പ്രതി ആതിരയുടെ വീടിന്റെ പരിസരത്തെത്തി. ഭർത്താവും കുട്ടികളും പോകുന്നതുവരെ ജോൺസൻ വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം ഒമ്പത് മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാൻ ആവശ്യപ്പെടുകയും, യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യിൽ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയിൽ ഒളിപ്പിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ബന്ധപ്പെടുന്നതിനിടെ ജോൺസൺ കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ധരിച്ചിരുന്ന ഷർട്ടിൽ രക്തം പുരണ്ടതിനെ തുടർന്ന് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. ആതിരയുടെ സ്കൂട്ടറെടുത്തതിന് ശേഷം ചിറയിൻകീഴ് റെയിൽവെസ്റ്റേഷനിലെത്തിയ പ്രതി ട്രെയിൻ മാർഗമാണ് കോട്ടയത്ത് എത്തിയത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോൺസൺ കഴിഞ്ഞ ഒരു വർഷമായി ആതിരയുമായി പ്രണയത്തിലായിരുന്നു. റീൽസുകൾ പങ്കുവച്ചുകൊണ്ടാണ് സൗഹൃദം തുടങ്ങിയത്. ആതിരയും ജോൺസണും സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. ജോൺസണ് ആതിര ഒരുലക്ഷം രൂപയോളം ആദ്യം നൽകിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. കൊലപാതകം നടക്കുന്നതിന് മൂന്നു ദിവസം മുമ്പും ജോൺസൺ ആതിരയിൽ നിന്ന് പണം വാങ്ങി. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും ജോൺസൺ പണം കൈപറ്റിയതായും സൂചനയുണ്ട്. ആതിരയെ കൂടെ ചെല്ലാനും ഇയാൾ നിർബന്ധിച്ചു. ആതിര അത് നിഷേധിച്ചു. ഇക്കാരങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ് കരുതുന്നു.
ഇയാൾ പലദിവസവും ആതിരയുടെ കഠിനംകുളത്തെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഭർത്താവ് രാജീവിന് ജോൺസണും ആതിരയും തമ്മിലുള്ള ബന്ധം നേരത്തെ അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]