കൊച്ചി: ഒരു കടികൂടിയില്ലാതെ എന്തു ചായകുടി. പക്ഷേ, ചെറുകടികൾക്ക് ജി.എസ്.ടിയുണ്ട്. അതും തോന്നുംപോലെ. ബേക്കറികളിലാണ് കൂടുതൽ. പഴംപൊരിക്കും വടകൾക്കും 18 ശതമാനമാണ് ബേക്കറിയിൽ ജി.എസ്.ടി. ഉണ്ണിയപ്പത്തിന് അഞ്ചും ചിപ്സിന് 12ശതമാനവുമുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം ഹോട്ടലുകളിൽ 5 ശതമാനമാണ്. ഹോട്ടലുകളുടെ ഭക്ഷണ വിതരണത്തിൽ സർവീസ് എന്നത് കൂടി ഉൾപ്പെടുന്നതിനാലാണിത്.
എണ്ണപ്പലഹാരങ്ങളുടെ പലതരം നികുതി ഉപഭോക്താവിനെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഹാർമണൈസ്ഡ് സിസ്റ്റം ഒഫ് നോമൻക്ലേച്ചർ എന്ന എച്ച്.എസ്.എൻ കോഡാണ് ഇതിനെല്ലാം കാരണം. ഏത് തരം ഉത്പന്നമാണെന്ന് തിരിച്ചറിയുന്നതും നികുതി നിശ്ചയിക്കുന്നതും ഈ കോഡ് വച്ചാണ്.
ഉദാഹരണം: പാർട്സ് ഒഫ് വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് എന്നതിനു കീഴിലാണ് പഴംപൊരി വരേണ്ടത്. എന്നാൽ കടലമാവ് ഉൾപ്പെടെ ഉപയോഗിക്കുന്നതിനാൽ ജി.എസ്.ടി ഓഫീസർക്ക് അതിനെ ഉയർന്ന നികുതി കാറ്റഗറിയിൽ പെടുത്താനാകും. ഇങ്ങനെ ചെയ്യുന്നത് കച്ചവടം തുടങ്ങി ഒന്നും രണ്ടും വർഷം കഴിഞ്ഞാകും. പിഴയും പലിശയും ഉൾപ്പെടെ ഒടുക്കേണ്ടി വരും.
പരാതിപ്പെട്ടിട്ടും പരിഹാരമായില്ല
നികുതി പ്രശ്നം ഗുരുതരമായപ്പോൾ ബേക്കേഴ്സ് അസോസിയേഷൻ എച്ച്.എസ്.എൻ കോഡ് പ്രകാരം 20 ഇനങ്ങളുടെ പട്ടിക തയാറാക്കി ജി.എസ്.ടി വിഭാഗത്തെ സമീപിച്ചു. 10,000 രൂപ അടച്ച് ഹിയറിംഗ് ബുക്ക് ചെയ്ത് പട്ടിക സമർപ്പിച്ചെങ്കിലും ഒൻപത് ഇനങ്ങളുടെ മാത്രം നികുതിയിലാണ് ക്ലാരിഫിക്കേഷൻ ലഭിച്ചത്. പഴംപൊരിക്ക് 18 ശതമാനം ജി.എസ്.ടിയെന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ആശയക്കുഴപ്പമുള്ള സാധനത്തിന് ഉയർന്ന ജി.എസ്.ടി നിശ്ചയിക്കാമെന്ന വ്യവസ്ഥയാണ് കെണി.
ചെറുകടികളും ബേക്കറി നികുതിയും
18% ഉഴുന്നുവട, പരിപ്പുവട, സവാളവട, ബോണ്ട, അട, കൊഴുക്കട്ട, കട്ലറ്റ്, ബർഗർ, പപ്സ്
12% ചിപ്സ്, പക്കാവട, അച്ചപ്പം, മിക്സ്ചർ, കാരസേവ, ശർക്കര ഉപ്പേരി, പൊട്ടറ്റോ -കപ്പ ചിപ്സുകൾ
ഭക്ഷണ സാധനങ്ങൾക്കെല്ലാം ഏകീകൃത നികുതി ഏർപ്പെടുത്തണം.
ബിജു പ്രേംശങ്കർ,ജനറൽ സെക്രട്ടറി,
ബേക്കേഴ്സ് അസോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]