ന്യൂഡൽഹി: നയതന്ത്ര തുടർചർച്ചകൾക്കായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി 26, 27 തിയതികളിൽ ബീജിംഗ് സന്ദർശിക്കും.രാഷ്ട്രീയം, സാമ്പത്തികം, ജനങ്ങൾ തമ്മിലുള്ള ഇടപെടലുകൾ ഉൾപ്പെടെ ഇന്ത്യ-ചൈന ബന്ധം സുദൃഢമാക്കാനുള്ള ചർച്ചകളിൽ വിദേശകാര്യ സെക്രട്ടറി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡ്-അതിർത്തി തർക്കം തുടങ്ങിയവയെ തുടർന്ന് സങ്കീർണമായ വിസ പ്രശ്നങ്ങൾ പരിഹരിക്കൽ, നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കൽ, പരസ്പര താത്പര്യമുള്ള സാമ്പത്തിക പങ്കാളിത്തം എന്നിവയും മിസ്രി ചർച്ച ചെയ്യും. അതിർത്തിയിൽ അവശേഷിക്കുന്ന ഭാഗങ്ങളിലെ തർക്കങ്ങൾ ലഘൂകരിക്കാനുള്ള ചർച്ചകളുമുണ്ടാകും. ഒന്നര മാസം മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബീജിംഗ് സന്ദർശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബർ 23 ന് റഷ്യയിലെ കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയത്.