
മലപ്പുറം: എടക്കര പാർളിയിൽ ഒരു ചായക്കടയുണ്ട്. ആളില്ല, എന്നാൽ ചായയുണ്ട്, പണം പെട്ടിയിൽ നിക്ഷേപിച്ചാൽ മതി. മൂവർ സംഘത്തിന്റെ മനസ്സിലുദിച്ച ആശയമാണ് ‘ജാസ്’ എന്ന ആളില്ലാ ചായക്കടയായി മാറിയത്. ഇത് നാട്ടിലെ ആദ്യത്തെ ചായക്കടയുമായി. ജിന്റോ, അഭിജിത്ത്, ഷേക് (അഭിഷേക്) എന്നിവർ ചേർന്ന് രണ്ട് മാസം മുമ്പാണ് സംരംഭം ആരംഭിച്ചത്. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് സംരംഭത്തിന് പേര് നൽകിയത്. മെഷീനിലെ സ്വിച്ച് ഞെക്കിയാൽ ചായയും കോഫിയും ലഭിക്കും. ഇതിന്റെ വിലയായ 10 രൂപ അടുത്തുള്ള പെട്ടിയിൽ നിക്ഷേപിക്കാം.
സൗജന്യമായി ചൂടുവെള്ളവും ലഭിക്കും. അഞ്ച് രൂപയ്ക്ക് ഹാഫ് ടീയും ഹാഫ് കോഫിയുമുണ്ട്. ഓൺലൈൻ പേയ്മെന്റ് സൗകര്യവുമുണ്ട്. എത്ര ചായ വിറ്റുപോയെന്ന കണക്ക് മെഷീനിൽനിന്ന് ലഭിക്കും. ആരും കബളിപ്പിച്ചിട്ടില്ലെന്നും പണം കൃത്യമായി ലഭിക്കുന്നുണ്ടെന്നും മൂവർസംഘം പറയുന്നു. എണ്ണക്കടികൾ വച്ച് ചായക്കട വിപുലീകരിക്കണമെന്നാണ് പാർളിക്കാരുടെ ആവശ്യം. കൂലി കൊടുക്കേണ്ടാത്തതിനാൽ തന്നെ കട ലാഭത്തിലാണ്. തൊട്ടടുത്ത് ഇവരുടെ വാടക സ്ഥാപനവും ഉണ്ട്. ഫോൺ വിളിച്ച് സാധനങ്ങൾ വാടകയ്ക്കെടുക്കാം. തിരികെയെത്തിക്കുമ്പോൾ വാടക പെട്ടിയിലിട്ടാൽ മതി.
കൊട്ട, കൈക്കോട്ട്, കോരി, ചട്ടി, കാർ വാഷ് മെഷീൻ, ഉന്തുവണ്ടി തുടങ്ങി നിരവധി ഉപകരണങ്ങളാണ് റെന്റ് ഹൗസിൽ ഉള്ളത്. എട്ട് മാസം മുമ്പാണ് റെന്റ് ഹൗസ് ആരംഭിച്ചത്. ചായക്കട ജനങ്ങള്‍ ഏറ്റെടുത്തതോടെ കൂടുതല്‍ വിപുലീകരിക്കാനുള്ള ആലോചനയും ഇവര്‍ക്കുണ്ട്. ഒരു ചായ കുടിക്കണമെങ്കിൽ നേരത്തെ പാർളിക്കാർക്ക് ഒരുകിലോമീറ്റർ സഞ്ചരിച്ച് ബാർബർമുക്ക് വരെ പോവണമായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് സ്വന്തമായി എടുത്ത് കുടിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചായയും കാപ്പിയും ചൂടുവെള്ളവും ലഭിക്കുന്ന മെഷീൻ മൂവരും ചേർന്ന് സ്ഥാപിച്ചത്. രാവിലെ ഏഴ് മുതൽ രാത്രി 8.30 വരെയാണ് ജാസ് ചായക്കട പ്രവര്‍ത്തിക്കുക. ജിന്റോയും അഭിഷേകും ചുങ്കത്തറ മാർത്തോമാ കോളേജിലെ എം.കോം രണ്ടാം വർഷ വിദ്യാർത്ഥികളാണ്. അഭിജിത്ത് വെൽഡിംങ് തൊഴിലാളിയാണ്.
Last Updated Sep 23, 2023, 1:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]