മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായി കോഴിക്കോട് ഇന്ന് പ്രത്യേക വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും.
വൈകിട്ട് മുതലക്കുളത്ത് നടക്കുന്ന പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിൽ, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നന്ദുലാൽ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു ഇഡി റെയ്ഡ് നടത്തിയത്.
കേന്ദ്ര ഏജൻസിയുടെ ഈ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനും പാർട്ടി അണികൾക്ക് കാര്യങ്ങൾ വിശദീകരിക്കാനുമാണ് നേതൃത്വത്തിന്റെ തീരുമാനം. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട
അന്വേഷണം ഹവാല ആരോപണം വരെ എത്തിനിൽക്കെ, ദേശീയ അന്വേഷണ ഏജൻസിയുടെ നടപടികൾ രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലാണ് പാർട്ടി. പതിവില്ലാത്ത വിധം വാർത്താക്കുറിപ്പ് ഇറക്കിയ ഇഡിയുടെ നടപടിയിലും മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുളള മാധ്യമ വാർത്തകളിലും പാർട്ടി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
കൈകൾ ശുദ്ധമാണെന്നും ഇനിയും അതുതന്നെയായിരിക്കുമെന്നും വ്യക്തമാക്കിയാണ് മകൾക്കെതിരായ അന്വേഷണത്തെയും തുടർന്നുള്ള നീക്കങ്ങളെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. മാസപ്പടി ആരോപണത്തിൽ എന്ത് അന്വേഷണവും ഇഡിക്ക് നടത്താമെന്നായിരുന്നു പിണറായി വിജയൻ നേരത്തെയും പ്രതികരിച്ചിരുന്നത്.
എന്നാൽ, അന്വേഷണം ഹവാലയിലേക്ക് നീളുന്ന സാഹചര്യത്തിലാണ് ഏജൻറിക്കെതിരെയുള്ള വിമർശനം കടുപ്പിച്ചത്. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരായ അന്വേഷണം അതിരുകൾ ലംഘിക്കുന്നുവെന്നാണ് പാർട്ടിയുടെയും നിലപാട്.
നേതാക്കളെയും അവരുമായി ബന്ധപ്പെട്ടവരെയും ലക്ഷ്യമിട്ടുള്ള പരിശോധനകൾ രാഷ്ട്രീയ പകപോക്കലാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സിപിഎം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

