രാജകുമാരിയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന പ്രധാന വാർത്ത: കൊളുക്കുമലയിൽ വെച്ചുണ്ടായ അപകടത്തിൽ തലകറങ്ങി 500 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ അഞ്ച് മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു.
ചെന്നൈ ചെങ്കൽപ്പെട്ട് സ്വദേശിയായ കാർത്തിക് (31) ആണ് അത്ഭുതകരമായ രക്ഷപ്പെടലിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം നിലവിൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെയായിരുന്നു കാർത്തിക് ഉൾപ്പെടുന്ന ഏഴംഗ സംഘം വിനോദയാത്രയുടെ ഭാഗമായി കൊളുക്കുമലയിലെത്തിയത്. സിംഗപ്പാറയ്ക്കു സമീപം നിന്നു ഫോട്ടോയെടുക്കുന്നതിനിടെ പെട്ടെന്ന് തലകറക്കം അനുഭവപ്പെടുകയും തുടർന്ന് കാൽവഴുതി കൊക്കയിലേക്ക് വീഴുകയുമായിരുന്നു.
ഒപ്പമുണ്ടായിരുന്ന സഹയാത്രികരും മറ്റ് സഞ്ചാരികളും വിവരം അറിയിച്ചതിനെ തുടർന്ന് മൂന്നാറിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും കൊളുക്കുമലയിലെ ഇരുപതോളം ജീപ്പ് സഫാരി ഡ്രൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അപകടസ്ഥലത്തേക്ക് വടംകെട്ടി താഴെയിറങ്ങിയ ഉദ്യോഗസ്ഥരും ജീപ്പ് ഡ്രൈവർമാരും സംഘവും ചേർന്ന് പരുക്കേറ്റ കാർത്തിക്കിനെ സ്ട്രെച്ചറിൽ കിടത്തുകയും പിന്നീട് വടത്തിന്റെ സഹായത്തോടെ സാഹസികമായി മുകളിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നു.
വീഴ്ചയിൽ യുവാവിന്റെ കൈകൾക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. കൂടാതെ മരച്ചില്ല കുത്തിക്കയറി ഇടതുകണ്ണിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

