‘കുഞ്ഞാക്കയുടെ ബാപ്പുട്ടി’ക്കൊപ്പം നിലമ്പൂർ; ജയം പകർന്ന ‘ആത്മവിശ്വാസ ബൂസ്റ്ററി’ൽ യുഡിഎഫ്
നിലമ്പൂർ ∙ വോട്ടിങ് മെഷീനിൽ ആര്യാടൻ ഷൗക്കത്ത് എന്നാണ് യുഡിഎഫ് സ്ഥാനാർഥിയുടെ പേരെങ്കിലും നിലമ്പൂരിലെ സാധാരണക്കാർക്ക് ഷൗക്കത്ത് ‘കുഞ്ഞാക്കയുടെ ബാപ്പുട്ടി’യാണ്. ആര്യാടൻ മുഹമ്മദ് എന്ന, കോൺഗ്രസിന്റെ ‘നിലമ്പൂർ സുൽത്താൻ’ കുഞ്ഞാക്കയുടെ രാഷ്്ട്രീയ പിൻമുറക്കാരൻ.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആ രാഷ്ട്രീയ പാരമ്പര്യം കൂടി കാത്തുസൂക്ഷിച്ച് ഷൗക്കത്ത് ജയിച്ചുകയറിയതോടെ മണ്ഡലത്തിനു പുറമേ സംസ്ഥാന രാഷ്ട്രീയത്തിലും അതിന്റെ പ്രതിഫലനങ്ങൾ ഏറെയാണ്. മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ആത്മവിശ്വാസത്തിന്റെ ‘ബൂസ്റ്റർ’ ഡോസാകുകയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം.
Also Read
‘ആര്യാടൻ ഷൗക്കത്തിനു വോട്ടു ചെയ്താൽ ആരുടെ മുന്നിലും തലകുനിക്കേണ്ട ഗതികേട് വരുത്തില്ല’ – എല്ലാ പ്രചാരണയോഗത്തിലും ഷൗക്കത്ത് ഉറപ്പിച്ചു പറഞ്ഞ വാചകം.
അതിനൊപ്പം മണ്ഡലത്തിന്റെ മനസ്സും ചേർന്നുനിന്നു. പ്രചാരണത്തിലെ ഒരുഘട്ടത്തിലും പിന്നോട്ടുപോകാതെ, കക്ഷികൾക്കപ്പുറത്തെ ഇഴയടുപ്പത്തോടെയാണ് യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഏകോപനം നിർവഹിച്ചത്.
മുസ്ലിം ലീഗും കോൺഗ്രസും ഒരേമനസ്സോടെ ഒത്തുപിടിച്ചാണ് മലപ്പുറം ജില്ലയിലെ ഈ അഭിമാനപോരാട്ടത്തിൽ ജയം പിടിച്ചെടുത്തത്. ∙ അൻവർ ഒരുക്കിയ ‘ത്രില്ലർ’ വോട്ടെണ്ണൽ
വോട്ടെണ്ണലിന്റെ തുടക്കത്തിൽ പി.വി.അൻവർ നേടിയ വോട്ടുകളാണ് ഇരുമുന്നണികളുടെയും നെഞ്ചിടിപ്പേറ്റിയത്.
എന്നാൽ തപാൽ വോട്ടുകളിൽ തുടങ്ങി ഒരുവേളയിലും ലീഡ് താഴാതെ ഷൗക്കത്ത് മുന്നേറിയത് യുഡിഎഫ് കേന്ദ്രങ്ങൾക്ക് ആവേശം പകർന്നു. യുഡിഎഫ്–എൽഡിഎഫ് വോട്ടുകൾ ഒരുപോലെ അൻവർ നേടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
20,000 ന് അടുത്ത് വോട്ടു നേടിയതോടെ പി.വി.അൻവറിനും നിലമ്പൂർ ആശ്വാസപോരാട്ടമായി.
Also Read
നിലമ്പൂരിൽ ജയിച്ചതോടെ സംസ്ഥാന ഭരണം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസവും യുഡിഎഫ് നേതൃത്വത്തിനു ലഭിച്ചു.
പി.വി.അൻവറിന്റെ പിടിവാശിക്കു പിടികൊടുക്കാതെ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിൽ ഉറച്ച നിലപാടോടെ മുന്നോട്ടുപോയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇനി മനസ്സു നിറഞ്ഞ് ചിരിക്കാം, മുന്നണിയിലും പാർട്ടിയിലും. രാഷ്ട്രീയകേരളത്തിൽ തന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയാണ് വി.ഡി.സതീശൻ ഇനി നിലയുറപ്പിക്കുക.
മുഖ്യമന്ത്രി പിണറായി വിജയനും പ്രിയങ്ക ഗാന്ധി എംപിയും വരെ നിറഞ്ഞു നിന്ന നിലമ്പൂരിലെ പ്രചാരണ മാമാങ്കത്തിനൊടുവിലാണ് മണ്ഡലത്തിലെ രാഷ്ട്രീയ മനസ്സ് ഷൗക്കത്തിനെ തുണച്ചത്. വെൽഫെയർ പാർട്ടിയുടെയും പിഡിപിയുടെയും പിന്തുണ മുതൽ ഇറാൻ–ഇസ്രയേൽ സംഘർഷം വരെ പ്രചാരണത്തിൽ ചർച്ചാവിഷയമായി.
∙ സിപിഎമ്മിനെ ഞെട്ടിച്ച് അരങ്ങേറ്റം, ഉപതിരഞ്ഞെടുപ്പിൽ ഇത് രാജകീയ നേട്ടം
2005 ൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ അട്ടിമറി ജയത്തോടെയാണ് നിലമ്പൂർ പഞ്ചായത്തംഗമായി ആര്യാടൻ ഷൗക്കത്ത് കടന്നുവന്നത്. ആദ്യ വരവിൽത്തന്നെ പഞ്ചായത്ത് പ്രസിഡന്റായ ഷൗക്കത്ത് നിലമ്പൂർ നഗരസഭയായപ്പോൾ ആദ്യ ചെയർമാനുമായി.
പതിനാലാം വയസ്സിൽ നിലമ്പൂരിലെ മാനവേദൻ സ്കൂളിൽ കെഎസ്യു സ്കൂൾ ലീഡറായാണ് ഷൗക്കത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. കെഎസ്യു നിലമ്പൂർ താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കേരള ദേശീയ വേദി ജില്ലാ പ്രസിഡന്റ്, സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ, രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടൻ ദേശീയ കൺവീനർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള ഷൗക്കത്ത് കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും നിർണായകമായ രാഷ്ട്രീയ വിജയം നേടുന്നതും.
കാലിക്കറ്റ് സർവകലാശാലയിൽനിന്ന് സുവോളജിയിൽ ബിരുദം നേടിയിട്ടുളള ഷൗക്കത്ത് രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം സാംസ്കാരിക–ചലച്ചിത്ര മേഖലകളിലും സജീവമാണ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് എല്ലാവർക്കും നാലാം ക്ലാസ് വിദ്യാഭ്യാസം ലഭിച്ച ആദ്യ പഞ്ചായത്തായി നിലമ്പൂരിനെ മാറ്റിയ ‘ജ്യോതിർഗമയ’ പദ്ധതിക്ക് ദേശീയ സാക്ഷരതാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് സെന്റർ സംസ്ഥാനത്തു തന്നെ ആദ്യത്തെതായിരുന്നു. ഗോത്ര, ദലിത് വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാൻ അവതരിപ്പിച്ച ‘ഒപ്പത്തിനൊപ്പം’, സർക്കാർ സ്കൂളിൽ ഇംഗ്ലണ്ടിൽ നിന്ന് അധ്യാപകരെ എത്തിച്ച് ഇംഗ്ലിഷ് പഠിപ്പിച്ച ‘സദ്ഗമയ’, സ്ത്രീധനരഹിത ഗ്രാമം, ‘വഴികാട്ടി’, ‘ആയിരംവീട്’, നാൽപത് വയസ്സുവരെയുള്ള എല്ലാവർക്കും പത്താം ക്ലാസ് യോഗ്യത നേടിക്കൊടുത്ത ‘സമീക്ഷ’ തുടങ്ങി നിരവധി മാതൃകാപദ്ധതികൾ ഷൗക്കത്തിന്റേതായുണ്ട്.
‘പാഠം ഒന്ന് ഒരു വിലാപം’, ‘ദൈവനാമത്തിൽ’, ‘വിലാപങ്ങൾക്കപ്പുറം’ എന്നിങ്ങനെ മൂന്നു ചലച്ചിത്രങ്ങളുടെ തിരക്കഥ രചിച്ചത് ഷൗക്കത്താണ്. ആര്യാടൻ മുഹമ്മദ് മൂന്നു പതിറ്റാണ്ടിലേറെ പ്രതിനിധീകരിച്ച നിലമ്പൂരിൽ 2016 ൽ മത്സരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.വി.അൻവറിനു മുന്നിൽ പരാജയപ്പെട്ടു.
ഒടുവിൽ കേരളമാകെ ശ്രദ്ധിച്ച ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാ പ്രവേശനം രാജകീയമാക്കാനും ഷൗക്കത്തിനായി. മുംതാസ് ബീഗമാണ് ഭാര്യ.
ഡോ.ഒഷിൻ സാഗ, ഒലിൻ സാഗ, ഒവിൻ സാഗ എന്നിവർ മക്കളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

