ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവ് സംബന്ധിച്ച വാർത്ത പുറത്തുവരുന്നു. രണ്ടര വർഷം മുൻപ് കുത്തിവയ്പ് എടുത്ത രോഗിയുടെ ശരീരത്തിൽ ഒടിഞ്ഞ നിലയിൽ സൂചി കണ്ടെത്തി.
ആറന്മുള ഇടശ്ശേരിമല മണക്കാല സ്വദേശിനി വത്സലയ്ക്കാണ് (62) വർഷങ്ങളോളം നീണ്ടുനിന്ന ശാരീരിക വേദന അനുഭവിക്കേണ്ടി വന്നത്. സംഭവത്തെക്കുറിച്ച് വത്സലയും കുടുംബവും പറയുന്നതിങ്ങനെ: “2023 ഒക്ടോബർ 9നാണു വയറിളക്കവും ഛർദിയും വന്നതോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്.
4 ദിവസത്തോളം കിടത്തിച്ചികിത്സ നടത്തിയെന്നു വത്സല പറഞ്ഞു. ഒക്ടോബർ 11നു നടുവിനു ഇൻജക്ഷൻ എടുത്തു.
അപ്പോഴാണു സൂചി ഒടിഞ്ഞു ശരീരത്തിനുള്ളിൽ കുടുങ്ങിയതെന്നാണു വത്സലയുടെയും കുടുംബത്തിന്റെയും ആരോപണം.” തുടർച്ചയായ വേദനയുണ്ടായിരുന്നെങ്കിലും ഇൻജക്ഷനു ശേഷമുള്ള സ്വാഭാവിക വേദനയാണെന്നാണ് ഇവർ കരുതിയത്. എന്നാൽ കഴിഞ്ഞ ദിവസം ശരീരത്തിൽ തടവി പരിശോധിച്ചപ്പോൾ അസാധാരണമായ എന്തോ തടയുകയായിരുന്നു.
തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തി നടത്തിയ എക്സ്റേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ സൂചി കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ സൂചി രണ്ടായി ഒടിഞ്ഞ നിലയിൽ കണ്ടെത്തുകയും ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു.
ബാക്കി ഭാഗം പുറത്തെടുക്കാൻ ഒരാഴ്ചയ്ക്കുശേഷം വീണ്ടും എത്താനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ വത്സലയ്ക്ക് നേരത്തെ ഇതേ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടും പരാതികളുണ്ട്.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്ന് മന്ത്രി കെ.മുരളീധരൻ നിർദേശിച്ചു. അബിൻ വർക്കി എംഎൽഎ മന്ത്രിയെ നേരിട്ടുകണ്ട് വിഷയം ബോധിപ്പിക്കുകയായിരുന്നു.
ഡപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് ഡിഎംഒ എൽ.അനിതാകുമാരി അറിയിച്ചു. ചികിത്സാരേഖകൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി.
ആശുപത്രി അധികൃതർ ആറന്മുള പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും വത്സലയും കുടുംബവും ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

