
ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്റെ രണ്ടാംഘട്ടത്തിനായി രാജ്യം അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. ഇതിനിടെ കോണ്‍ഗ്രസ് റാലിയില്‍ നിന്നുള്ളത് എന്ന അവകാശവാദത്തോടെ കിംഗ് ഖാന് ഷാരൂഖ് ഖാന്റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. എന്താണ് ഇതിന്റെ വസ്തുത?
പ്രചാരണം
‘ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും കരുത്തേകാൻ SRK’ എന്ന തലക്കെട്ടോടെയാണ് റീല്‍സ് വീഡിയോ ഫേസ്ബുക്കില്‍ എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ച വാഹനത്തില്‍ ഷാരൂഖിനോട് രൂപസാദൃശ്യമുള്ളയാള്‍ നില്‍ക്കുന്നതാണ് വീഡിയോയില്‍. ഇതൊരു തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നിന്നുള്ള ദൃശ്യമാണ് എന്ന് വീഡിയോയില്‍ നിന്ന് ഉറപ്പിക്കാം. എന്നാല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കിംഗ് ഖാന് തന്നെയോ?
വസ്തുതാ പരിശോധന
ഷാരൂഖ് ഖാന് കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്തോ എന്നറിയാന്‍ കീവേഡ് സെര്‍ച്ച് നടത്തുകയാണ് ആദ്യം ചെയ്തത്. ഇതില്‍ ലഭിച്ച ഫലം പറയുന്നത് ഷാരൂഖിന്റെ അപരനായി അറിയപ്പെടുന്ന ഇബ്രാഹിം ഖാദരി മഹാരാഷ്ട്രയിലെ സോലാപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണിത് ഷിന്‍ഡെയുടെ റോഡ് ഷോയില്‍ പങ്കെടുത്തു എന്നാണ്. ഇബ്രാഹിം ഖാദരി കോണ്‍ഗ്രസ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദേശീയ മാധ്യമമായ 2024 ഏപ്രില്‍ 19ന് പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യാ ടുഡേയുടെ വീഡിയോയില്‍ കാണുന്ന ഇതേയാളുടെ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഷാരൂഖ് ഖാനിന്റെത് എന്ന അവകാശവാദത്തോടെ വൈറലായിരിക്കുന്നത്.
നിഗമനം
ബോളിവുഡ് സ്റ്റാര്‍ ഷാരൂഖ് ഖാന് കോണ്‍ഗ്രസിനായി വോട്ട് തേടി പ്രചാരണ റാലിയില്‍ പങ്കെടുത്തു എന്ന വാദം തെറ്റാണ്. വീഡിയോയില്‍ കാണുന്നത് ഷാരൂഖിന്റെ അപരനായി അറിയപ്പെടുന്ന ഇബ്രാഹിം ഖാദരിയെയാണ്.
Last Updated Apr 23, 2024, 4:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]